ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍, മരിച്ചവര്‍ക്ക് പത്തുലക്ഷം ധനസഹായം

ചെന്നൈ: മരണസംഖ്യ ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കരൂരിലെ ദുരന്തറാലിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. അപകടത്തിനു ശേഷം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുങ്ങിയ വിജയ്‌ന്റെ നടപടിയും കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു രാവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ നേരിട്ടെത്തുന്നുണ്ട്.
ചെന്നൈയില്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള തീരുമാനമെടുക്കുന്നത്. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും അന്വേഷണം നടത്തുകയെന്ന് ഗവണ്‍മെന്റ് അറിയിച്ചു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം രഹസ്യമായി സ്ഥലത്തു നിന്നു മാറിയ വിജയ്‌നെതിരേ വിവിധ മേഖലകളില്‍ നിന്നു കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതുവരെ സംഭവത്തെക്കുറിച്ചു പ്രതികരിക്കുന്നതിനു പോലും വിജയ് തയാറായിട്ടില്ല. ദുരന്തം ഉണ്ടായത് അറിഞ്ഞയുടന്‍ തന്നെ രഹസ്യമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് അവിടെ നിന്നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലേക്കു പോകുകയായിരുന്നു. പക്വതയുള്ള രാഷ്ട്രീയ നേതാവിനു ചേര്‍ന്ന സമീപനമല്ല ഇതെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയ്‌നെതിരേ കേസ് എടുക്കാനാണ് സാധ്യത. കരൂരില്‍ പതിനായിരം ആള്‍ക്കാരെ പങ്കെടുപ്പിച്ച റാലി നടത്താനായിരുന്നു കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അമ്പതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നത്. എത്തിച്ചേര്‍ന്നതാകട്ടെ ഇതിന്റെ അനേകം മടങ്ങ് ആരാധകരും. ഇത്തരം സാഹചര്യമുണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്നു പോലും സംഘാടകര്‍ ആലോചിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.