താലിബാന്‍ ഇന്റര്‍നെറ്റിനെ ‘തലാക്ക്’ ചൊല്ലി, അഫ്ഗാനിസ്ഥാനിലാകെ ബ്ലാക്ക് ഔട്ട്

കാബൂള്‍: ചില പ്രദേശങ്ങളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന ഫൈബര്‍ ഇന്റര്‍നെറ്റ് നിരോധനം അഫ്ഗാനിസ്ഥാനിലാകെ വ്യാപിപ്പിച്ച് താലിബാന്‍ ഭരണകൂടം. അധാര്‍മികമായ കാര്യങ്ങള്‍ തടയുന്നതിനാണ് നിരോധനമെന്നാണ് ഗവണ്‍മെന്റിന്റെ ന്യായീകരണം. ഇന്റര്‍നെറ്റ് വിച്ഛേദിക്കാനുള്ള നടപടികള്‍ രണ്ടാഴ്ചയിലധികമായി സ്വീകരിച്ചുവരികയായിരുന്നു അഫ്ഗാനിസ്ഥാന്‍ അവസാനം അതു സംഭവിച്ചത് തിങ്കളാഴ്ച. അതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായിരിക്കുകയാണ്. ഫൈബര്‍ ഇന്റര്‍നെറ്റാണ് നിരോധിച്ചിരിക്കുന്നതെങ്കിലും ഡയല്‍ അപ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പോലും ലഭ്യമാകുന്നില്ല. രാജ്യമാകെ കണക്ടിവിറ്റി ബ്ലാക്ക ഔട്ട് ആണെന്ന് ഇന്റര്‍നെറ്റ് നിരീക്ഷണ ഏജന്‍സിയായ നെറ്റ് ബ്ലോക്‌സ് അറിയിച്ചു. അതിവേഗ നെറ്റിനെ മാത്രം ആശ്രയിച്ചു നടത്തുന്ന ബാങ്കിങ് സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇന്റര്‍നെറ്റിന് ബദല്‍ സംവിധാനം താലിബാന്‍ തന്നെ ഒരുക്കുമെന്നാണ് പുറമെ പറയുന്നത്.
അടുത്തയിടെയായി കടുത്ത കിരാത നിയമങ്ങളാണ് താലിബാന്‍ നടപ്പാക്കിപ്പോരുന്നത്. പാഠ്യപദ്ധതിയില്‍ നിന്നു സ്ത്രീകളെഴുതിയ പുസ്തകങ്ങള്‍ മുഴുവന്‍ നിരോധിച്ചതും മനുഷ്യാവകാശങ്ങള്‍ വിലക്കിയതും 680 പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും പതിനെട്ടു വിഷയങ്ങള്‍ അധ്യയനത്തില്‍ നിന്ന് ഒഴിവാക്കിയതുമെല്ലാം ഇത്തരം കിരാത സമീപനത്തിന്റെ ഭാഗമാണ്.