കൊച്ചി: യേശുവിന്റെ അമ്മയായ കന്യകാമറിയത്തെ സഹരക്ഷകയെന്നു വിശേഷിപ്പിക്കുന്നത് വിവേകപൂര്‍വം വേണമെന്ന് സീറോ മലബാര്‍ സഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതു സംബന്ധിച്ച മാര്‍പ്പാപ്പയുടെ പ്രഖ്യാപനം പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സഭ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
മാതാവിന് സഭ ഇതുവരെ നല്‍കിയ ബഹുമാനത്തില്‍ നിന്നു പിന്നോക്കം പോയെന്നും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ അംഗീകരിച്ചെന്നുമുള്ള വ്യാഖ്യാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നു പുറത്തു വന്നത്. ഈ സാഹചര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി. മറിയത്തെക്കുറിച്ചുള്ള അടിസ്ഥാന പ്രബോധനത്തില്‍ സഭ മാറ്റമൊന്നും വരുത്തിയിട്ടില്ല. സഭ ഒരിടത്തും മറിയം സഹരക്ഷകയാണെന്നു പ്രഖ്യാപിച്ചിട്ടുമില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.
മറിയം സഹരക്ഷകയാണെന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ തന്നെ അപൂര്‍ണമാണെന്നും മറിയത്തിന്റെ സഹായം കൂടാതെ അത് സാധ്യമാകുകയില്ലായിരുന്നുവെന്നും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അതിനാലാണ് ഇത്തരം പരാമര്‍ശം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്. എന്നാല്‍ രക്ഷാകര പദ്ധതിയില്‍ മറിയത്തിന്റെ പങ്കിനെ മാര്‍പ്പാപ്പയുടെ പ്രബോധന രേഖ നിഷേധിക്കുന്നുമില്ല. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. അതിനാല്‍ കൃപാവരത്തിന്റെ അമ്മ എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയം.
മിശിഹായുടെ ഏക മധ്യസ്ഥത്തിന് സമാനമായി മാതാവിന്റെ മധ്യസ്ഥാപേക്ഷയെ അവതരിപ്പിക്കരുത് എന്നാണ് സഭയുടെ ബോധ്യം. മധ്യസ്ഥ എന്നു മറിയത്തെ വിളിക്കുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തും. മാതാവിനോടുള്ള ഭക്തി പ്രകടമാക്കുന്ന ജപമാലയും നൊവേനകളും സഭയില്‍ മാറ്റമൊന്നും കൂടാതെ തുടരുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.

