സിഡ്‌നി: സിഡ്മല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അമ്പതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബര്‍ നാലിന് വൈകുന്നേരം അഞ്ചിന് കാസില്‍ ഹില്ലിലെ പയനീയര്‍ തീയറ്ററിലാണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കുക. 1976 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിഡ്മലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 2026 ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കും. ഒരു വര്‍ഷം മുഴുവന്‍ വ്യത്യസ്തമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തുടക്കം മുതല്‍ ഇന്നുവരെ മലയാളി വേരുകളില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ വരുന്ന എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണ് സിഡ്മല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കുടുംബങ്ങളുടെയും ആശ്രിതരുടെയും ക്ഷേമത്തിനു പോലും സിഡ്മലിനു പദ്ധതികളുണ്ട്. ന്യൂ സൗത്ത് വെയില്‍സില്‍ മലയാളികളായ എല്ലാവരുടെ ആവശ്യങ്ങളിലെല്ലാം അവര്‍ക്കൊപ്പം നിന്ന ചരിത്രമേ സിഡ്മലിനുള്ളൂ. മലയാള സംസ്‌കാരത്തെയും പൈതൃകത്തെയും വംശീയ ബോധത്തെയും പ്രവാസ ലോകത്ത് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം സിഡ്മല്‍ നിറവേറ്റിപ്പോരുന്നതായി ഭാരവാഹികള്‍ വ്യക്തമാക്കി.
സിഡ്മല്‍ അമ്പതാം വയസിലേക്ക്, ഒരു വര്‍ഷത്തെ ആഘോഷങ്ങള് ഒക്ടോ. നാലിനു തുടങ്ങും

