അമേരിക്കൻ കൊക്കെയ്ൻ പറന്നെത്തി; സിഡ്നിയിൽ കൈയോടെ പൊക്കി.

സിഡ്നി: ഓസ്ട്രേലിയയിലേയ്ക്കു കടത്താൻ ശ്രമിച്ച 20 കിലോ കൊക്കെയ്നുമായി അമേരിക്കൻ യുവതി സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിൻ്റെ തിരച്ചിലിൽ കൊക്കെയ്ൻ കണ്ടെത്തിയതോടെ യുവതിയെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസാണ് അറസ്റ്റുചെയ്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) ഉദ്യോഗസ്ഥരാണ് അവരുടെ ലഗേജ് പരിശോധിച്ചത്. പരിശോധനയിൽ വാക്വം ബാഗിൽ ഒളിപ്പിച്ചരീതിയിൽ 14 ബാഗുകളിലായി വെളുത്ത വസ്തു കാണപ്പെടുകയായിരുന്നു. പ്രാഥമികടെസ്റ്റിൽത്തന്നെ ഇതു കൊക്കെയ്നാണെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് അതിർത്തികയറ്റാൻ പാടില്ലാത്ത മയക്കുമരുന്ന് ഉയർന്നയളവിൽ കൈവശംവച്ച കുറ്റത്തിന് അറസ്റ്റുചെയ്തത്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽനിന്നാണ് യുവതി ഓസ്ട്രേലിയയ്ക്കു വിമാനം കയറിയത്. ഈ കൊക്കെയ്ൻ നാട്ടിലിറങ്ങിയിരുന്നെങ്കിൽ 65 ലക്ഷം ഡോളറോളം വിലമതിക്കുന്നതാണെന്നും ഒരുലക്ഷത്തിൽപ്പരം ‘ഡീലുകൾ’ നടത്താൻ മതിയായതാണെന്നുമാണ് ഓസ്ട്രേിയൻ ഫെഡറൽ പോലീസ് അറിയിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഫെഡറൽ പോലീസും ബോർഡർ ഫോഴ്സും ഒന്നിച്ച് ഇന്നും ഇത്തരം പല കള്ളക്കടത്തുകളും പൊളിക്കാറുണ്ടെന്നു പറഞ്ഞ ഉയർന്ന ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ഉദ്യോഗസ്ഥൻ, തങ്ങളുടെ ഡിപ്പാർട്ട്മെൻ്റുകളുടെ ഒത്തൊരുമയും ജാഗ്രതയും കൃത്യനിഷ്ഠയുംമൂലമാണ് ഇവരെയൊക്കെ കുടുക്കാൻ കഴിയുന്ധതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉദ്യോഗസ്ഥരെ അനുമോദിച്ചു.