പഠനത്തിനും ജോലിക്കും കുടിയേറ്റത്തിനും ലോകത്തേറ്റവും മെച്ചം ഈ രാജ്യങ്ങള്‍

ലണ്ടന്‍: ലോകത്ത് പഠനത്തിനും കുടിയേറ്റത്തിനും തൊഴില്‍ തേടാനും ഏറ്റവും മികച്ച രാജ്യങ്ങളുടെ ഇക്കൊല്ലത്തെ പട്ടിക ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെന്‍ലി ഓപ്പര്‍ച്ചൂണിറ്റി ഇന്‍ഡക്‌സ് പുറത്തിറക്കി. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം സ്വന്തമായി ഓഫീസുകളുള്ളതും ഏറെ വിലമതിക്കപ്പെടുന്നതുമായ സ്ഥാപനമാണ് ഹെന്‍ലി. ഇക്കൊല്ലത്തെ പട്ടികയില്‍ ആദ്യ സ്ഥാനത്തു വരുന്ന രാജ്യങ്ങള്‍ ഇവയാണ്.

  1. സ്വിറ്റ്‌സര്‍ലാന്‍ഡ്- വരുമാന സാധ്യത, കരിയര്‍ പുരോഗതി, തൊഴില്‍ സാധ്യത, മികച്ച വിദ്യാഭ്യാസം, സാമ്പത്തിക നേട്ടം, ജീവിത സൗകര്യം എന്നീ ഘടകങ്ങളില്‍ ഏറ്റവും മുന്നില്‍ വരുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡാണ്. ഇന്‍ഡക്‌സില്‍ 84 ശതമാനം സ്‌കോറാണ് ഈ രാജ്യം നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 250 സര്‍വകലാശാലകളില്‍ ഏഴെണ്ണവും സ്വിറ്റ്‌സര്‍ലാന്‍ഡിനു സ്വന്തം.
  2. സിംഗപ്പൂര്‍- ലോകത്തിലെ സാമ്പത്തിക ഹബ് എന്നു വിളിക്കാവുന്ന സിംഗപ്പൂരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു വരുന്നത്. നഗര കേന്ദ്രീകൃത തൊഴില്‍ രീതിയും വിദ്യാഭ്യാസ സമ്പ്രദായവുമാണ് സിംഗപ്പൂരിനെ മികച്ചതാക്കുന്നത്. കുറഞ്ഞ നികുതി, സുരക്ഷ, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ സിംഗപ്പൂരില്‍ മികച്ചതാണ്. ലഭിച്ച സ്‌കോര്‍ 79 ശതമാനം.
  3. അമേരിക്ക- സിംഗപ്പൂരിനു തൊട്ടു പിന്നിലായി മികച്ച ജീവിത നിലവാരമുള്ള അമേരിക്കയാണ് പട്ടികയില്‍ മൂന്നാമതായി വരുന്നത്. 78 ശതമാനം സ്‌കോറാണ് അമേരിക്ക കൈവരിച്ചത്. ടെക്, സാമ്പത്തിക, എന്റര്‍ടെയിന്‍മെന്റ് രംഗത്തു കൈവരിച്ച നേട്ടമാണ് അമേരിക്കയുടെ മുതല്‍ക്കൂട്ടായി മാറുന്നത്.
  4. ഓസ്‌ട്രേലിയ- മികച്ച ജീവിത നിലവാരവും അനുകരണീയമായ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരമുള്ള ജീവിത ശൈലിയും ഓസ്‌ട്രേലിയയ്ക്ക് അനുകൂല ഘടകങ്ങളായി മാറുന്നു. ടെക്‌നോളജി, ആരോഗ്യസംരക്ഷണം, നിര്‍മാണ മേഖല എന്നിവയാണ് മികച്ച തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നത്. സ്‌കോര്‍ 76 ശതമാനം.
  5. കാനഡ- ഏവരെയും സ്വാഗതം ചെയ്യുന്ന ഇമിഗ്രേഷന്‍ നയമാണ് കാനഡയ്ക്കു ഗുണകരമായി മാറിയത്. ഉയര്‍ന്ന ജീവിതനിലവാരവും അതിശക്തമായി തൊഴില്‍ മാര്‍ക്കറ്റും പ്രത്യേക പ്രശംസ നേടി. സ്‌കോര്‍ 73 ശതമാനം.
  6. യുകെ- എഴുപത് ശതമാനം സ്‌കോറോടെയാണ് യുകെ ആറാം സ്ഥാനത്തു വന്നിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് പോലെയുള്ള ലോകോത്തര സര്‍വകലാശാലകളാണ് യുകെയുടെ ഏറ്റവും അനുകൂല ഘടകം. നിക്ഷേപകര്‍ക്കായി ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പോലെയുള്ള നടപടികളും പ്രശംസാര്‍ഹമാണ്.
  7. യുഎഇ- മലയാളികളുടെ എക്കാലത്തെയും സ്വപ്‌ന ഭൂമികളിലൊന്നായ അറബ് എമിറേറ്റുകള്‍ക്ക് 67 ശതമാനം സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. നികുതി രഹതി വരുമാനമുണ്ടാക്കാനാവുന്നു എന്നതാണ് എമിറേറ്റുകളുടെ ഏറ്റവും അനുകൂല ഘടകം. ഗോള്‍ഡന്‍, ഗോള്‍ഡന്‍ റസിഡന്റെ പെര്‍മിറ്റ് തുടങ്ങിയവയും മെച്ചങ്ങളേറെയുള്ളതാണെന്ന് ഹെന്‍ലി വിലയിരുത്തുന്നു.