തനിക്ക് അധികാരമല്ല വേണ്ടതെന്ന് സുശീല കര്‍ക്കി, മരിച്ചവര്‍ രക്തസാക്ഷികള്‍

കാഠ്മണ്ഡു: അധികാരത്തിന്റെ മധുരം നുണഞ്ഞ് കഴിയാനല്ല താന്‍ ഭരണത്തിലേറിയിരിക്കുന്നതെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി. ആറുമാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഗവണ്‍മെന്റിനെ കൊണ്ടുവരികയാണ് തന്റെ ലക്ഷം. അതുവരെ മാത്രമായിരിക്കും ഭരണത്തില്‍ തുടരുകയെന്ന് അവര്‍ വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്റ് എത്രയും വേഗം ഭരണത്തില്‍ വരണമെന്ന ആഗ്രഹവും അവര്‍ ്‌വ്യക്തമാക്കി.
നേപ്പാളില്‍ ഭരണമാറ്റത്തിനു വഴിതെളിച്ച ജന്‍ സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എല്ലാവരെയും രക്തസാക്ഷികളായി പരിഗണിക്കുമെന്നും അവര്‍ അറിയിച്ചു. ഇവര്‍ ഓരോരുത്തരുടെ കുടുംബത്തിനും പത്തു ലക്ഷം നേപ്പാളി രൂപ വീതം ആശ്വാസധനമായി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പരിക്കേറ്റവരുടെ ആശുപത്രിച്ചെലവുകളും സര്‍ക്കാര്‍ തന്നെയായിരിക്കും വഹിക്കുക. ചികിത്സയുടെ ഇനത്തില്‍ ആരോടും പണം ഈടാക്കരുതെന്ന് ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി കഴിഞ്ഞു. പ്രക്ഷോഭത്തില്‍ ആകെ 51 പേര്‍ കൊല്ലപ്പെട്ടതായും നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് കരുതപ്പെടുന്നത്.