നേപ്പാളിന് ഭരണനേതൃത്വം, സുശീല കര്‍ക്കി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാള്‍ സുപ്രീംകോടതിയുടെ മുന്‍ ചീഫ്ജസ്റ്റിസാണ് സുശീല. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗദേല്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ അടക്കമുള്ള പല പ്രമുഖരുടെയും പേരുകള്‍ പ്രധാനമന്ത്രി പദത്തിനായി ഉയര്‍ന്നത് മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു വഴിവച്ചെങ്കിലും തിരികെ രാജഭരണത്തിലേക്ക് നേപ്പാള്‍ പോകാനുള്ള സാധ്യത തെളിഞ്ഞതോടെ തിരക്കിട്ട ആലോചനകള്‍ക്കൊടുവില്‍ സുശീല കര്‍ക്കി എന്ന ഒറ്റപ്പേരിലേക്ക് ചര്‍ച്ചകള്‍ എത്തുകയായിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, നിയമവിദഗ്ധര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായി പ്രസിഡന്റ് വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയ ശേഷം സുശീലയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകള്‍. കലാപത്തിന്റ കനലുകള്‍ അക്ഷരാര്‍ഥത്തില്‍ കെട്ടടങ്ങാത്ത നേപ്പാളിലേക്കാണ് പുതിയ പ്രധാനമന്ത്രിയെത്തുന്നത്. പാര്‍ലമെന്റ് മന്ദിരം പോലും അഗ്നിക്കിരയായിരിക്കുകയാണ്. അതായത് എല്ലാം ഒന്നില്‍ നിന്നു വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു. പോരെങ്കില്‍ കലാപത്തില്‍ വിജയിച്ചെങ്കിലും അടുത്തതെന്ത് എന്നു പോലും നിശ്ചയമില്ലാത്ത അരാഷ്ട്രീയ വാദികളായ യുവതയുടെ ആഗ്രഹങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുകയും വേണം. ഇതൊക്കെയാണ് സുശീല നേരിടാന്‍ പോകുന്ന വെല്ലുവിളികളെന്നു കണക്കാക്കപ്പെടുന്നു.