സുശീല കര്‍ക്കി നേപ്പാള്‍ പ്രധാനമന്ത്രിയായേക്കും, ഒറ്റ പേരിലേക്കെത്തുന്നു

കാഠ്മണ്ഡു: സുശീല കര്‍ക്കിയെ നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി അവരോധിക്കുന്നതിന് ജെന്‍ സി പ്രക്ഷോഭകരുമായ ചര്‍ച്ചകളില്‍ അവസാനം സമവായം. പ്രക്ഷോഭം കെട്ടടങ്ങിയിട്ടും ആരെ പ്രധാനമന്ത്രിയായി നിയോഗിക്കണമെന്ന കാര്യത്തില്‍ പ്രക്ഷോഭകര്‍ക്കിടയില്‍ ഏകാഭിപ്രായം ഉണ്ടാകാത്തതിനാല്‍ തിരികെ നേപ്പാള്‍ രാജഭരണത്തിലേക്കു തന്നെ നീങ്ങുമെന്ന സാഹചര്യം സംജാതമായിരുന്നു. അങ്ങനെയൊരു അവസ്ഥ ഒഴിവാക്കുന്നതിനാണ് ജെന്‍ സി പ്രക്ഷോഭകര്‍ സൈനിക നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അവസാനം സുശീല കര്‍ക്കിക്ക് അനുകൂലമായ നിലപാടെടുത്തത്. നേപ്പാളിലെ സുപ്രീം കോടതിയുടെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസാണ് കര്‍ക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനുകൂലമായ നിരവധി സുപ്രധാന വിധികള്‍ ഇവരുടെ പേരിലുണ്ട്. എന്നു മാത്രമല്ല പക്വതയാര്‍ന്ന വ്യക്തിത്വത്തിന് ഉടമയുമാണ്.
്പ്രക്ഷോഭത്തിന് നേതാക്കളാരുമില്ലാതിരുന്നതിനാല്‍ ഏതൊരു അരാഷ്ട്രീയ സമരത്തിനും സംഭവിക്കുന്നതു പോലെ എവിടെയുമെത്താതെ എല്ലാം കെട്ടടങ്ങുന്ന സാഹചര്യമായിരുന്നു. നാലു നേതാക്കളുടെ പേരുകളാണ് ആദ്യം അന്തരീക്ഷത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡു മേയര്‍ ബാലേന്‍ ഷാ, സുശീല കര്‍ക്കി, വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കുല്‍മാന്‍ ഗിസിംഗ്, ധരണ്‍ മേയര്‍ ഹര്‍ക്ക രാജ്‌സംപായ് റായ് എന്നിവരായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേതാക്കന്‍മാര്‍. എന്നാല്‍ ബാലേന്‍ ഷാ ആദ്യം തന്നെ സ്ഥാനമോഹികളുടെ പട്ടികയില്‍ നിന്നു സ്വയം പിന്‍വാങ്ങുകയും സുശീല കര്‍ക്കിക്ക് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. അതു തന്നെയാണ് അവരുടെ സ്ഥാനാരോഹണത്തിന് ഇപ്പോള്‍ കാരണമായിരിക്കുന്നത്.