ആഴത്തിലുള്ള മുറിവിന് തൊലിപ്പുറമെയുള്ള മരുന്നുമായി സൂസന്‍ ലേ ഇന്ത്യന്‍ മേഖലകളില്‍

മെല്‍ബണ്‍: ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ജനതയുമായുള്ള ബന്ധം സുഗമമാക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമവുമായി ലിബറല്‍ പാര്‍ട്ടി നേതാവ് സൂസന്‍ ലേയും സംഘവും. ജസീന്ത നമജിന്‍പ പ്രൈസിന്റെ മാരക പ്രസ്താവന ഇന്ത്യന്‍ ജനതയിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് ഉണക്കിയെടുക്കാനുള്ള ശ്രമമാണ് ഇവര്‍ ഇത്തരം ശ്രമങ്ങളിലൂടെ നടത്തുന്നതെന്നു വ്യക്തം. എന്നാല്‍ തന്റെ തികച്ചും ഇന്ത്യാവിരുദ്ധമായ പ്രസ്താവനയ്ക്ക് പ്രൈസ് മാപ്പു പറയണമെന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം സ്വന്തം പാര്‍ട്ടിയില്‍ പെട്ട നേതാവില്‍ സമ്മര്‍ദം ചെലുത്താനാവാതെ സൂസന്‍ ലേയും സംഘവും നടത്തുന്ന ശ്രമങ്ങള്‍ എത്ര കണ്ടു ഫലമുളവാക്കുമെന്നു കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. കാരണം അത്ര ആഴത്തിലുള്ള മുറിവാണ് ജസീന്ത പ്രൈസിന്റെ വിവേകശൂന്യമായ പ്രസ്താവന ഇന്ത്യക്കാരിലുളവാക്കിയിരിക്കുന്നത്. ഇന്നലെ ഹാരിസ് പാര്‍ക്ക് ലിറ്റില്‍ ഇന്ത്യ മേഖലയില്‍ ഇന്ത്യക്കാരെ സന്ദര്‍ശിക്കാനായി സൂസന്‍ ലേ എത്തിയത് സ്വന്തം പാര്‍ട്ടിയില്‍ പെട്ട നേതാക്കന്‍മാരായ ജൂലിയന്‍ ലീസര്‍, സെനറ്റര്‍ പോള്‍ സ്‌കാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു.
ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ സൂസന്‍ ലേ ആവര്‍ത്തിച്ചു പറഞ്ഞത് ഒരേയൊരു കാര്യം. ജസീന്ത പ്രൈസിന്റെ പ്രസ്താവന തെറ്റായിരുന്നുവെന്നു മാത്രമല്ല, ഇനിമേല്‍ അത്തരമൊരു നിലപാട് അവരുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുകയില്ല. എന്നാല്‍ ജസീന്ത പ്രൈസിനെക്കൊണ്ടു ക്ഷമാപണം നടത്തിക്കണമെന്ന ആവശ്യത്തോടു മാത്രം പ്രതികരിക്കാന്‍
സൂസന്‍ ലേ തയാറായില്ലെന്നതാണ് ശ്രദ്ധേയം.
തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി ആല്‍ബനീസി ഗവണ്‍മെന്റ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ജസീന്ത പ്രൈസില്‍ നിന്നുണ്ടായ പ്രസ്താവന. ലിബറല്‍ പാര്‍ട്ടിയിലെ നേതാവും മുന്‍ മന്ത്രിയുമായ അലക്‌സ് ഹോക്കിനെ പോലെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടു പോലും ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ ജസീന്ത പ്രൈസ് ഇതുവരെ തയാറായിട്ടില്ല. സൂസന്‍ ലേയുമായുള്ള ആശയവിനിമയത്തില്‍ ഒരു വിഭാഗം ഇന്ത്യന്‍ വ്യവസായികള്‍ താരതമ്യേന അനുകൂല സമീപനമാണ് സ്വീകരിച്ചതെങ്കിലം ഭൂരിപക്ഷം പേരും തങ്ങളുടെ കടുത്ത വിയോജിപ്പാണ് അറിയിച്ചത്.
സൂസന്‍ ലേ ഇന്ത്യന്‍ ജനതയുമായുള്ള ആശയവിനിമയത്തിന് ഹാരിസ് പാര്‍ക്ക് തിരഞ്ഞെടുത്തതു പോലും വളരെ ശ്രദ്ധാപൂര്‍വമാണ്. കാരണം, ലിറ്റില്‍ ഇന്ത്യ എന്നാണ് ഹാരിസ് പാര്‍ക്ക് പൊതുവേ അറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ഏറ്റവുമധികം അക്കാര്യം ആഘോഷിക്കപ്പെട്ടത് ലിറ്റില്‍ ഇന്ത്യയിലായിരുന്നു. ഇന്ത്യന്‍ വംശജരായ ചെറുകിട വ്യവസായികളുടെയും ബിസിനസുകാരുടെയും കേന്ദ്രം കൂടിയാണ് ഹാരിസ് പാര്‍ക്ക് മേഖല.