ഞരമ്പുരോഗം തീര്‍ക്കാന്‍ എട്ടിന്റെ പണിയുമായി ലണ്ടന്‍ പോലീസ്

സറേ(ഇംഗ്ലണ്ട്): പൂവാലന്‍മാരെ പിടിക്കാന്‍ മറ്റൊരു വഴിയും ഏറ്റില്ലെങ്കില്‍ ലണ്ടന്‍ പോലീസ് എന്തു ചെയ്യും. എന്തും ചെയ്യും എന്നു തെളിയിച്ചിരിക്കുകയാണ് സറേയിലെ ഏമാന്‍മാര്‍. ഇവര്‍ ചെയ്തതെന്തെന്നോ. രണ്ടു വനിതാ പോലീസിനെ ശരീരത്തിന്റെ വടിവുകളൊക്കെ വ്യക്തമായി കാണാവുന്ന വിധത്തിലുള്ള ഇറുകിയ ജോഗിങ് വേഷമൊക്കെ ധരിപ്പിച്ച് തിരക്കുള്ള സമയത്ത് വഴിയിലേക്കിറക്കി വിട്ടു. കഥയൊന്നുമറിയാത്ത പൂവാലന്‍മാര്‍ക്ക് പണി കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. അവിടെയുമിവിടെയുമിരുന്നു ചൂളം കുത്തി വിളിക്കുന്നവരെയും ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ ദേഹത്തേക്ക് വന്ന് ഇടിച്ചു കയറുന്നവരെയുമൊക്കെ കൊണ്ടു പൊറുതി മുട്ടിയതായി സ്ത്രീകളുടെ പരാതി വര്‍ധിച്ചപ്പോഴാണ് ഈ അറ്റകൈ പ്രയോഗത്തിനു പോലീസ് തയാറായത്. എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് പതിനെട്ടെണ്ണത്തിനെയാണ് പൊക്കി അകത്താക്കിയത്.
വഴിയിലേക്കിറങ്ങി പത്തു മിനിറ്റിനകത്തു തന്നെ ഒരു പോലീസുകാരിയുടെ ശരീരത്തിലേക്ക് ആദ്യത്തെ ഞരമ്പുരോഗി വന്നു വീണു. അവനെ സ്ഥലത്തു നിന്നു മാറ്റി വീണ്ടും കഥാനായിക മുന്നോട്ട്. വീണ്ടുമൊരു 30 മിനിറ്റ് കഴിഞ്ഞില്ല അടുത്തവന്‍ വരുന്നു. അവന്റെ വരവ് ഒരു കാറിലായിരുന്നു. വണ്ടിയുടെ സ്പീഡ് കുറയുന്നു. ഉള്ളിലിരിക്കുന്നവന്‍ ചില്ലു താഴ്ത്തുന്നു, വഷളന്‍ ചിരിയുടെ അകമ്പടിയോടെ ദുസൂചനയുടെ കൈയാംഗ്യം കാണിക്കുന്നു. അവനും അകത്തേക്ക്. എന്തായാലും ദിവസങ്ങള്‍ കൊണ്ട് ഞരമ്പുരോഗികളുടെയൊക്കെ രോഗം തീരെയില്ലെന്നായി. ഇതായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് സ്ഥലത്തെ സ്ത്രീകള്‍ ഒന്നടങ്കം പറയുന്ന അവസ്ഥയാണിപ്പോള്‍.