രണ്ടിടത്തും പാളി, സുരേഷ് ഗോപി തൃശൂരില്‍ ആരംഭിച്ച കലുങ്ക് സംവാദം അകാല ചരമത്തിലേക്ക്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തെ എല്ലാക്കാലത്തേക്കും അങ്ങെടുക്കാമെന്ന ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി എം പി ആവിഷ്‌കരിച്ചു നടപ്പാക്കിയ കലുങ്ക് സംവാദം മുളയിലേ കരിയുന്ന അവസ്ഥയിലാണ്. രണ്ടിടത്തു നടത്തിയപ്പോള്‍ കിട്ടിയത് നെഗറ്റീവ് മൈലേജാണെന്നതാണ് പണി പാളുന്നതിന്റെ സൂചനകള്‍ കൊടുക്കുന്നത്. സംവാദ പരിപാടിയില്‍ ജനകീയ നേതാവിനു വേണ്ട പക്വതയും വിവേകവും സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് വിനയായി മാറിയതെന്നു പാര്‍ട്ടിയില്‍ ആകെ സംസാരമായി. ഫലത്തില്‍ പരിപാടിയാകെ പാര്‍ട്ടിക്കു ക്ഷീണമാകുകയും ചെയ്തു. തൃശൂരിലെ മൂന്നു ജില്ലാക്കമ്മിറ്റികളും ഇക്കാര്യത്തിലുള്ള ആശങ്ക പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്.
ചേര്‍പ്പിലായിരുന്നു ആദ്യത്തെ സംവാദം നടക്കുന്നത്. അവിടെ വീടിനുള്ള അപേക്ഷയുമായി ഒരു വയോധികന്‍ വന്നെങ്കിലും അയാളുടെ കൈയില്‍ നിന്ന് നിവേദനം വാങ്ങാന്‍ പോലും എംപി തയാറായില്ലത്രേ. കൊട്ടും കുരവയുമായി നടത്തിയ പരിപാടിയായിരുന്നതിനാല്‍ മാധ്യമങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. ഈ രംഗം അങ്ങനെ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിയുകയും ചെയ്തു. ഓര്‍ക്കാപ്പുറത്തു കിട്ടിയ അവസരം നന്നായി മുതലെടുത്തുകൊണ്ട് സിപിഎം രംഗത്തു വരികയും വയോധികന് സ്വന്തം നിലയില്‍ വീടുനിര്‍മിച്ചു കൊടുക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പരിപാടിയുടെ മൊത്തം കണക്കെടുത്താല്‍ ബിജെപിക്ക് വെറുതെ ചീത്തപ്പേര് കിട്ടി.
രണ്ടാമത്തെ സംവാദം നടക്കുന്നത് ഇരിങ്ങാലക്കുടയിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംവാദത്തില്‍ ഒരു വയോധികയാണ് പണി പാളിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ വാങ്ങിത്തരാന്‍ എംപി ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അവരെ ആക്ഷേപിക്കുന്ന രീതിയിലുള്ള മറുപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നുണ്ടായത്. പോരെങ്കില്‍ പ്രതിക്കൂട്ടിലാകേണ്ടിയിരുന്ന കരുവന്നൂര്‍ ബാങ്ക് തന്നെ ഇന്നലെ ആ സ്ത്രീക്ക് ഭാഗികമായെങ്കിലും തുക തിരികെ കൊടുക്കുകയും ചെയ്തു.
ഇത്രയുമായപ്പോഴാണ് ഈ പരിപാടി കൊണ്ടു സംഭവിച്ച ക്ഷീണം ഏതായാലും സംഭവിച്ചു. ഇത് ഇനി തുടരേണ്ട എന്ന നിലപാടിലേക്ക് ജില്ലാ നേതൃത്വം എത്തുന്നത്. സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ ഇതു സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുടെ എതിര്‍പ്പ് എത്തിയിട്ടുണ്ട്. ജില്ലാ നേതത്തിനും സംസ്ഥാന നേതൃത്വത്തിനും സുരേഷ് ഗോപിയില്‍ കാര്യമായ നിയന്ത്രണമില്ലെന്നതാണ് വാസ്തവം. നേരിട്ട് കേന്ദ്രനേതൃത്വവുമായാണ് ഇദ്ദേഹത്തിന്റെ ബന്ധങ്ങളെല്ലാം.