ഇലക്ഷന്‍ കമ്മീഷന് അടി കിട്ടിയില്ല, ഒന്നാന്തരം തിരിച്ചടി കിട്ടി

ന്യൂഡല്‍ഹി: ഒടുവില്‍ സുപ്രീംകോടതി വടിയെടുത്തു, എന്നാല്‍ പരാതിക്കാര്‍ വിചാരിച്ചതു പോലെ അടിച്ചുമില്ല. ബീഹാറിലെ വിവാദ വോട്ടര്‍ പട്ടിക പരിഷ്‌കരണം റദ്ദാക്കാന്‍ സുപ്രീംകോടതി തയാറായില്ലെങ്കിലും ഇലക്ഷന്‍ കമ്മീഷനു തിരിച്ചടി കിട്ടി. പട്ടികയില്‍ നിന്നു വെട്ടിമാറ്റിയ എല്ലാ പേരുകളും അവ വെട്ടിമാറ്റാനുള്ള കാരണം സഹിതം പ്രസിദ്ധീകരിക്കണമെന്നാണ് വിധി വന്നിരിക്കുന്നത്. അറുപത്തഞ്ചു ലക്ഷത്തോളം വോട്ടര്‍മാരുടെ പേരുകളാണ് തീവ്ര പരിഷ്‌കരണത്തിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ വെട്ടി മാറ്റിയിരുന്നത്. കോടതിയുടെ ഉത്തരവ് പാലിച്ചുകൊള്ളാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയില്‍ സമ്മതിച്ചു.
ഇത്രയും പേരുടെ പട്ടിക ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്‌സൈറ്റില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലാണ് നല്‍കേണ്ടത്. വോട്ടറുടെ EPIC നമ്പര്‍ നോക്കി ഇതു പരിശോധിക്കാനും സാധിക്കണം. പേര് ഒഴിവാക്കാനുള്ള കാരണവും ഇതിനൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ പേര് തിരികെ ഉള്‍പ്പെടുത്താന്‍ ആധാറും പരിഗണിക്കണം. ഇക്കാര്യം പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കുകയും വേണം. പട്ടിക ഇപ്രകാരം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ബീഹാറില്‍ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോയിലും ഇക്കാര്യം പ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തണം. സുപ്രീം കോടതി ആവശ്യപ്പെട്ടു.