ന്യുഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറിമാരെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അതിനൊപ്പം സ്വരം കടുപ്പിച്ച നിരീക്ഷണങ്ങളുമാണ് നടത്തിയത്. നവംബര്‍ മൂന്നിന് പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയൊഴികെ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു സുപ്രീം കോടതിയില്‍ ഹാജരാകണമെന്നാണ് ഒക്ടോബര്‍ 27ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ നിന്നു ചീഫ് സെക്രട്ടറിമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇവര്‍ കോടതിയുടെ ഉത്തരവിനോട് അനാദരം കാണിക്കുകയാണെന്ന് വീണ്ടും കുറ്റപ്പെടുത്തുകയും ചെയ്തു.
തെരുവു നായ പ്രശ്‌നത്തില്‍ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 22ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ മാത്രമായിരുന്നു കോടതിയുടെ നിര്‍ദേശം അനുസരിച്ചത്.
അവരോട് വന്ന് അനുസരണ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. കോടതിയുടെ ഉത്തരവിനോടു ബഹുമാനമില്ല. അങ്ങനെയെങ്കില്‍ അവര്‍ നേരിട്ടു വരട്ടെ, അവരെ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാം, എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബഞ്ചാണ് ഇത്ര കടുത്ത നിരീക്ഷണങ്ങളിലേക്കു പോയത്.

