തിരുവനന്തപുരത്തെ പുതിയ എകെജി സെന്ററിന്റെ ഭൂമി തര്‍ക്കത്തിലേക്ക്. സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായി തിരുവനന്തപുരത്ത് പണികഴിപ്പിച്ചരിക്കുന്ന പുതിയ എകെജി സെന്ററിന്റെ ഭൂമി വീണ്ടും കോടതി വ്യവഹാരങ്ങളിലേക്കു കടക്കുന്നു. ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ സിപിഎമ്മിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് കേള്‍ക്കുന്നതും ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നതും. ഒരാഴ്ചയ്ക്കുള്ളില്‍ സിപിഎം സുപ്രീം കോടതി മുമ്പാകെ മറുപടി നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്റ്റേ അനുവദിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. 32 സെന്റ് സ്ഥലത്താണ് പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി ആദ്യ ഉടമയില്‍ നിന്നു വാങ്ങിയ ഇന്ദു എന്ന വനിതയാണ് കേസുമായി കോടതിയിലെത്തിയിരിക്കുന്നത്. വളരെ നീണ്ട വ്യവഹാര ചരിത്രമാണ് ഈ ഭൂമിക്കുള്ളത്.
ഇതിന്റെ ആദ്യ ഉടമ പ്ലാന്ററും വ്യവസായിയുമായ പോത്തന്‍ എന്നൊരു വ്യക്തിയായിരുന്നു. ഇവരുടെ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഇതു ജപ്തി ചെയ്യപ്പെടുമെന്ന സ്ഥിതിയായി. അപ്പോഴാണ് ഇപ്പോഴത്തെ ഐഎസ്ആര്‍ഓ ജീവനക്കാരിയായിരുന്ന ഹര്‍ജിക്കാരി ഭൂമി വാങ്ങുന്നത്. ഭൂമി തങ്ങളുടെ കൈവശത്തിലായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇവരുടെ വാദം. പോത്തന്‍ കുടുംബം വരുത്തിയ വായ്പക്കുടിശികയ്ക്കു വേണ്ടിയായിരുന്നു ലേലം. 1998ല്‍ ആയിരുന്നു ലേലം നടക്കുന്നത്. അന്ന് ഭൂമി ലേലം കൊണ്ട ആള്‍ക്കാരില്‍ നിന്നാണ് 2021ല്‍ സിപിഎം ഈ ഭൂമി വാങ്ങുന്നത്. പിന്നീട് ഇതില്‍ പുതിയ എകെജി സെന്റര്‍ നിര്‍മിക്കുകയും ചെയ്തു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി സംബന്ധമായി തര്‍ക്കം നിലനില്‍ക്കുന്ന കാര്യം അറിയിച്ചിരുന്നതാണെന്നും ഹര്‍ജിക്കാരി കോടതിയില്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ മറുപടി കിട്ടിയാല്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.