ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇതനുസരിച്ച് കോടതിയില്‍ നേരില്‍ ഹാജരാകേണ്ടി വരും.
തെരുവ് നായപ്രശ്‌നം തുടര്‍ച്ചയായി ഉണ്ടാകുന്നത് വിദേശ രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ അസാധാരണ നടപടി. ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ മാത്രമാണ് ഉത്തരവ് പാലിച്ചിരിക്കുന്നത്. അതിനാല്‍ അവരെ നേരില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമങ്ങള്‍ പ്രകാരം എടുത്ത നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 22നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതു പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ കടുത്ത നടപടി വന്നിരിക്കുന്നത്. നേരില്‍ ആരെങ്കിലും ഹാജരായില്ലെങ്കില്‍ പിഴയും കടുത്ത നടപടികളും നേരിടേണ്ടതായി വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

