രാജസ്ഥാനിലെ മതപരിവര്‍ത്തന നിയമത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരായുന്നു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിരവധി വകുപ്പുകള്‍ നിയമത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മറ്റു പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ടെങ്കിലും രാജസ്ഥാനിലേത് ഭയാനകമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരാണ് കേസ് കേള്‍ക്കുന്നത്. രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍ മതം മാറുന്ന കൂട്ട മതപരിവര്‍ത്തനത്തിനുള്ള ശിക്ഷ ഇരുപതു ലക്ഷം രൂപയാണ്. കൂടാതെ ഇരുപതു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും ശിക്ഷയായി ലഭിക്കും.

നിയമവിരുദ്ധമായി മതംമാറ്റം നടത്തിയെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എതെങ്കിലും സ്ഥാപനമാണ് ഇതിനു പിന്നിലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തു പൂര്‍ണമായി നിരോധിക്കുന്നതിനോ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനോ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നു. ന്യുനപക്ഷങ്ങളുടെ ഉപജീവനത്തെയടക്കം രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ നിയമം ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *