ന്യൂഡല്‍ഹി: പണം മുടക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ സംയുക്തമായാണ് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇതു സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട് ആരായുന്നതിനു തീരുമാനിച്ചു. നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തു നല്കി.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനമാണ് പണം വച്ചുള്ള ഗെയിമുകള്‍ക്കെല്ലാം രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി നിയമം പാസാക്കുന്നത്. ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ആത്മഹത്യകളും അക്രമസംഭവങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര ഗവണ്മെന്റ് ഇവയ്ക്കെതിരേ ശക്തമായി രംഗത്തു വരുന്നത്. ഇതോടെ കോടികളുടെ ബിസിനസാണ് ഗെയിമിങ് കമ്പനികള്‍ക്കു നഷ്ടമായത്. അതോടെയാണ് ഇവര്‍ സുപ്രീം കോടതിയില്‍ എത്തുന്നത്. ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരിക്കുന്നത്. ഈ നിയമം മൂലം നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഗെയിമിങ് കമ്പനികള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.

