ഏഷ്യ കപ്പ്, ഞായറാഴ്ചയിലെ ഇന്ത്യ പാക്കിസ്ഥാന്‍ കളി തടയില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ട്വന്റി-20 മത്സരം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി തള്ളി സുപ്രീംകോടതി. പഹല്‍ഗാം തീവ്രവാദാക്രമണവും അതിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും കഴിഞ്ഞയുടനെതന്നെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് തീവ്രവാദാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും രാജ്യത്തിനുവേണ്ടി ജീവനര്‍പ്പിച്ച സൈനികരുടെയും ഓര്‍മ്മയ്ക്കു കളങ്കമാണെന്നും അവരുടെ ബന്ധുക്കള്‍ക്ക് മാനസികാഘാതമേല്‍ക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അതൊരു കളിയല്ലേ, അവര്‍ കളിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ജെ. കെ. മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ചിന്റെ മറുപടി.
സെപ്റ്റംബര്‍ 14 ഞായറാഴ്ച നടത്താനിരിക്കുന്ന കളിക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നതിനാല്‍, എത്രയും പെട്ടെന്ന് ഹര്‍ജിയില്‍ തീര്‍പ്പുവരുത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, ഞായറാഴ്ചത്തെ കളിക്കാണോ ഇപ്പോള്‍ ഹര്‍ജിയുമായി വരുന്നത്, കളി നടക്കട്ടെ എന്നുതന്നെ ഉറച്ചുനിന്നു സുപ്രീംകോടതി. വീണ്ടും പലതവണ ഇതേ ആവശ്യമുന്നയിച്ചപ്പോള്‍, കോടതി, ‘എല്ലാ ദിവസവും ഒരു വശം അല്ലെങ്കില്‍ മറ്റൊരു വശം, ഒരു കളിയുമുണ്ട് ഒരു ബോളുമുണ്ട്’ എന്ന നിരീക്ഷണത്തോടെ ഹര്‍ജി തള്ളുകയായിരുന്നു.
ഉര്‍വശി ജയിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ നാലു നിയമവിദ്യാര്‍ഥികളാണ് ഹര്‍ജിയുമായെത്തിയത്. . കളി തടയുന്നതോടൊപ്പം, ദേശിയ യുവജനകാര്യമന്ത്രാലയത്തോട് എത്രയും പെട്ടെന്ന് 2025ലെ ദേശീയ കായികവിനോദനിയമം നടപ്പില്‍വരുത്താന്‍ നിര്‍ദ്ദേശിക്കണമെന്നും അതുവഴി ‘സീസണ്‍ ബോള്‍’ ക്രിക്കറ്റിനെ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനു കീഴിലെത്തിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിലെ ആവശ്യമായിരുന്നു. ഹര്‍ജിയില്‍ എതിര്‍ കക്ഷിയായി ബിസിസിഐയെയാണ് പേരു ചേര്‍ത്തിരുന്നത്. ബിസിസിഐ കായികമന്ത്രാലയത്തിനു കീഴിലെത്തേണ്ട സമയം അതിക്രമിച്ചതായാണ് ഹര്‍ജിക്കാരുടെ വാദം.