രണ്ടംഗ ബഞ്ച് വിധിച്ചതും അഞ്ചംഗ ബഞ്ച് പറഞ്ഞതും, കാലാവധി കാലം ചെയ്‌തോ

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് നടത്തിയ തീര്‍പ്പിനെ വാക്കാല്‍ തിരുത്തുകയാണ് സുപ്രീം കോടതിയുടെ തന്നെ അഞ്ചംഗ ഭരണഘടനാ ബഞ്ച്. ഇതില്‍ ഏതു ബഞ്ച് പറയുന്നതാണ് ഭരണഘടനാപരമായി ശരിയെന്ന ചോദ്യം ഇനിയും ബാക്കി. അതിനിനി ഏഴംഗ ബഞ്ച് വേണ്ടിവരുമോ.
സംസ്ഥാന നിയമസഭകള്‍ പാസാക്കി വിടുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കുകയായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ചെയ്തത്. ഗവര്‍ണര്‍ ആര്‍ എന്‍ രവി ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നു എന്നാരോപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കുമൊക്കെ മൂന്നുമാസം മാത്രം അനുവദിച്ച് രണ്ടംഗ ബഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതിനകം തീരുമാനം വരുന്നില്ലെങ്കില്‍ അംഗീകാരം ലഭിച്ചതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ഈ വിധിക്കു പിന്നാലെ രാഷ്ട്രപതി സുപ്രീം കോടതിക്ക് അയച്ച റഫറന്‍സ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കുകയായിരുന്നു വിശാല ഭരണഘടനാബഞ്ച്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ് വിശാല ബഞ്ചില്‍ അധ്യക്ഷത വഹിക്കുന്നത്. ഗവര്‍ണറും രാഷ്ട്രപതിയും ബില്ലുകളില്‍ അടയിരിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഗവണ്‍മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാമെങ്കിലും ഇക്കാര്യത്തില്‍ പൊതുവായ സമയക്രമം കോടതി മുഖേന നിശ്ചയിക്കാനാവില്ലെന്ന നിലപാടാണ് വിശാലബഞ്ച് കൈക്കൊണ്ടത്. ഓരോ കേസിന്റെയും സ്വഭാവം നോക്കി അതതിനു ബാധകമായ സമയക്രമം കോടതിക്കു നിശ്ചയിക്കുകയും ചെയ്യാമെന്ന് ഇതിനൊപ്പം ബഞ്ച് വ്യക്തമാക്കി. ഭരണഘടന പോലും പറയുന്നത് എത്രയും വേഗം എന്നു മാത്രമാണ്. ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവുകള്‍ക്കും അക്കാര്യം സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *