കരൂര്‍ സംഭവം പ്രത്യേക അന്വേഷണത്തിനെതിരായ ടിവികെ ഹര്‍ജിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും തമിഴ് സൂപ്പര്‍സ്റ്റാറുമായ വിജയ് നടത്തിയ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല്‍പത്തൊന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനെതിരേ ടിവികെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. ജസ്റ്റിസുമാരായ മഹേശ്വരി, അഞ്ജരിയ എന്നിവരുടെ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഇതിനകം ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിജയ്‌നെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ടിവികെയുടെ ഹര്‍ജി.
കരൂര്‍ സംഭവവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മറ്റു ഹര്‍ജികളും ഇതിനൊപ്പം സുപ്രീം കോടതി പരിഗണിക്കുകയാണ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകവും സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, മുകുല്‍ റോഹ്തഗി, പി വില്‍സണ്‍, രവീന്ദ്രന്‍ എന്നിവര്‍ ഹാജരായപ്പോള്‍ ടിവികെയ്ക്കു വേണ്ടി അഭിഭാഷകരായ ദാമ ശേഷാദ്രി, ഗോപാല്‍ ശങ്കര്‍ നാരായണന്‍ എന്നിവരാണ് ഹാജരായത്.