സുഡാന്‍ വിമത പോരാളികളുടെ കൈയിലേക്ക്, ജനങ്ങളെ കൊന്നു തള്ളുന്നു, അവസാന സൈനിക താവളവും വീണു

ഖാര്‍ത്തും: ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സുഡാനില്‍ വന്‍തോതിലുള്ള മനുഷ്യക്കുരുതിയുമായി റിബല്‍ സേന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്). കഴിഞ്ഞ ദിവസം എല്‍ ഷാഫര്‍ നഗരം പിടിച്ചെടുത്ത് വിമതര്‍ സാധാരണക്കാരായ നൂറു കണക്കിന് ആള്‍ക്കാരെയാണ് വകവരുത്തിയത്. എല്‍ ഷാഫറിലെ പ്രധാന ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 460 പേരില്‍ ഒരാളെ പോലും വെറുതെ വിട്ടില്ല. എല്ലാവരെയും കൊന്നൊടുക്കി. ഡാര്‍ഫര്‍ പ്രദേശത്തെ സൈനിക കേന്ദ്രവും ഇവരുടെ പിടിയിലായി.

മുന്‍പ് സുഡാന്‍ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ധ സൈനിക വിഭാഗമായിരുന്നു റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്. അര്‍ധ സൈനിക വിഭാഗമായിരുന്നതിനാലാണ് ഇവര്‍ക്ക് സപ്പോര്‍ട്ട് ഫോഴ്‌സ് എന്ന പേരു വന്നതു തന്നെ. അന്ന് ഇവരുടെ ഉപയോഗത്തിന് ഏല്‍പിച്ചിരുന്ന ആയുധങ്ങള്‍ തന്നെയാണ് ആഭ്യന്തര യുദ്ധത്തിലും ഉപയോഗിക്കുന്നത്. 2023 മുതല്‍ സുഡാന്‍ സൈന്യവുമായി ഇവര്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്. അടുത്തയിടെയാണ് ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. സൈന്യത്തിന്റെ അവസാനത്തെ ശക്തികേന്ദ്രമായിരുന്നു എല്‍ ഷാഫര്‍. അതാണ് ഇപ്പോള്‍ വിമതരുടെ കൈയിലായിരിക്കുന്നത്.

ആശുപത്രിയില്‍ നടന്ന കൂട്ടക്കൊലയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കടുത്ത വാക്കുകളില്‍ അപലപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ആരോഗ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയതായും വിട്ടയയ്ക്കുന്നതിന് കനത്ത സംഖ്യ ആവശ്യപ്പെടുന്നതായും പറയുന്നു. അറബ് വംശജരാണ് ആര്‍എസ്എഫിലുള്ളത്. ഇവര്‍ സിവിലിയന്‍മാര്‍ക്കിടയില്‍ ലക്ഷ്യം വയ്ക്കുന്നത് അറബ് ഇതര വംശജരെയാണ്. അങ്ങനെ ആഭ്യന്തര യുദ്ധത്തിന് വംശീയ സ്വഭാവം കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *