ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം പത്രക്കടലാസില്‍ വിളമ്പിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വ്യാപകമായ വിമര്‍ശനത്തിനു വഴിവയ്ക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ അതിരൂക്ഷമായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തില്‍ ബിജെപി പ്രാദേശിക നേതൃത്വം. ആരൊക്കെയോ ഇടപെട്ട് വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകള്‍ എത്തിച്ചു കൊടുത്തിരിക്കുകയാണിപ്പോള്‍. രാഹുല്‍ ഗാന്ധിയാണ് ഒരു സമൂഹ മാധ്യ പോസ്റ്റിലൂടെ രാജ്യത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്കെത്തിച്ചത്.
പത്രക്കടലാസില്‍ നിന്നു കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. പിന്നീട് അതു വ്യാപകമായി പ്രചരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെടുന്നത്. സ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ചുമതലയുണ്ടായിരുന്ന സ്വാശ്രയ സംഘത്തിന്റെ കരാര്‍ വെള്ളിയാഴ്ച റദ്ദാക്കുകയും പകരം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് ആ ചുമതല ഏല്‍പിച്ചു നല്‍കുകയും ചെയ്തു. ഇതിനു പുറമെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഭോഗിറാം ധാക്കഡ് എന്നയാളെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റു രണ്ടു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുകയുമാണ് മുഖം രക്ഷിക്കാനായി ചെയ്തത്.
ആതോടൊപ്പം മുന്‍ സംസ്ഥാന മന്ത്രി കൂടിയായ പ്രാദേശിക ബിജെപി നേതാവ് രാംനിവാസ് റാവത്ത് കുട്ടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റ് എത്തിച്ചു നല്‍കുകയും അവര്‍ക്കൊപ്പം പ്ലേറ്റില്‍ ഭക്ഷണം കഴിച്ച് അതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

