നായ്ക്കള്‍ തെരുവില്‍ പാടില്ല-സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നത്തില്‍ രാജ്യത്ത് സമീപകാല ചരിത്രത്തില്‍ ആദ്യമായി കര്‍ക്കശ നിലപാടുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ എല്ലാ തെരുവുനായ്ക്കളെയും എട്ടാഴ്ചയ്ക്കുള്ളില്‍ നിരത്തുകളില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജനവാസ മേഖലകളില്‍ ഇവയെ കാണരുതെന്നും പകരം പ്രത്യേക ഷെല്‍ട്ടറുകളിലാക്കണമെന്നും കോടതി കര്‍ശനമായി വ്യക്തമാക്കി. ഇതിനെതിരായ ഹര്‍ജികളൊന്നും അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
ഇതിനായി ഗവണ്‍മെന്റ് ഏജന്‍സികള്‍ നടപ്പാക്കുന്ന ഏതൊരു കാര്യത്തെയും എതിര്‍ക്കുന്നവര്‍ നടപടി നേരിടേണ്ടിവരും. മൃഗസ്‌നേഹികള്‍ക്ക് പേവിഷ ബാധയേറ്റവരെ തിരികെ കൊണ്ടുവരനാകുമോ. നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചു വരുകയാണ്. തെരുവുനായകളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
തെരുവുനായ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം മാത്രമേ കോടതി കേള്‍ക്കൂ. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയെടുത്തിരിക്കുന്ന തീരുമാനമാണിത്. ഒരു തരത്തിലുള്ള വൈകാരികമായ നിലപാടുകള്‍ക്കും ഇക്കാര്യത്തില്‍ സ്ഥാനമില്ല. അതിനാല്‍ മൃഗസ്‌നേഹികളുടെയോ അത്തരം സംഘടനകളുടെയോ ഹര്‍ജികളൊന്നും ഇക്കാര്യത്തില്‍ സ്വീകരിക്കാനാവില്ല. കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാലയാണ് തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ ഇത്തരമൊരു നടപടി നിര്‍ദേശിച്ചത്.
തെരുവുനായകളെ മാറ്റി പാര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ തന്നെ ഒരു സ്ഥലം കണ്ടെത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ മൃഗാവകാശ പ്രവര്‍ത്തകര്‍ സ്റ്റേ വാങ്ങിയതിനാലാണ് അതില്‍ തുടര്‍ നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായകളെ ദത്തെടുക്കാമെന്നു പറഞ്ഞു മുന്നോട്ടു വരുന്നവര്‍ പോലും കുറേ നാള്‍ കഴിയുമ്പോള്‍ അവയെ തെരുവില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് രീതിയെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.