തെരുവുനായ് മുക്ത ഡല്‍ഹി; ഉത്തരവിനു പുനപരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുകളില്‍ നിന്നു മുഴുവന്‍ തെരുവുനായ്ക്കളെയും എട്ടാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്കു നീക്കണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിവാദ ഉത്തരവ് വീണ്ടും പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം. ഈ വിധിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് എതിരഭിപ്രായം ഉയര്‍ന്നതോടെ ഉത്തരവ് പുനപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഉറപ്പു നല്‍കിയിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കകം വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇനി കേസ് കേള്‍ക്കുന്നത്. ഇന്ന് ഈ വിഷയം വീണ്ടും കോടതിയിലെത്തും.
ഡല്‍ഹിയില്‍ ഇനിയൊരു തെരുവു നായയെ പോലും കാണരുതെന്നായിരുന്നു രണ്ടംഗ ബെഞ്ചിന്റെ വിവാദ ഉത്തരവ്. ഇവയെ മുഴുവന്‍ എട്ടാഴ്ചയ്ക്കകം പിടികൂടി അകലെയെവിടെയെങ്കിലുമുള്ള സംരക്ഷണ കേന്ദ്രത്തിലാക്കന്‍ കോടതി ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ആരെങ്കിലും എതിരു നിന്നാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പുറമെ എതിര്‍ ഹര്‍ജികളൊന്നും കോടതി പരിഗണിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.