നാഗമല്ലയ്യയുടെ കൊലപാതകി ക്യൂബ സ്വദേശി, നാടുകടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങി

വാഷിങ്ടണ്‍: കര്‍ണാടക സ്വദേശിയായ ചന്ദ്ര നാഗമല്ലയ്യയെ ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ തലവെട്ടിക്കൊലപ്പെടുത്തുകയും വെട്ടിമാറ്റിയ തല തൊഴിച്ചെറിഞ്ഞ ശേഷം ചവറുകൂനയില്‍ കൊണ്ടുചെന്നിടുകയും ചെയ്ത പ്രതിയെ നാടുകടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ അമേരിക്കയില്‍ ആരംഭിച്ചു. ക്യൂബയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ യോര്‍ദാനിസ് കോബോസ് മാര്‍ടിനസാണ് നാഗമല്ലയ്യയെ കൊലപ്പെടുത്തിയത്. നാഗമല്ലയ്യ മാനേജരായ മോട്ടലില്‍ ജീവനക്കാരനായിരുന്നു മാര്‍ട്ടിനസ്. ഇയാളെ അമേരിക്കന്‍ പോലിസ് ജയിലിലാക്കിയിരിക്കുകയാണിപ്പോള്‍. ഹോംലാന്‍ഡ് സെക്യുരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഇയാളെ ക്യൂബയിലേക്കു തന്നെ നാടുകടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരികയാണിപ്പോള്‍. മാര്‍ട്ടിനസിന്റെ പേരില്‍ അമേരിക്കയില്‍ തന്നെ കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമത്തിനും കാര്‍ മോഷണത്തിനും കേസുകള്‍ നിലവിലുണ്ട്. അവയ്ക്കു പുറമെയാണിപ്പോള്‍ നിഷ്ഠുരമായ കൊലപാതകം കൂടി ചെയ്തിരിക്കുന്നത്.
കേടായൊരു വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ പറഞ്ഞതോടെയാണ് മാര്‍ട്ടിനസ് അക്രമാസക്തനായതും നാഗമല്ലയ്യയുടെ ജീവനെടുത്തതും.