ഏഷ്യ കപ്പ് ക്രിക്കറ്റ്, ശ്രീലങ്ക വിജയിച്ച് സൂപ്പര്‍ ഫോറിലേക്ക്, യുഎഇക്കും വിജയം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കും യുഎഇക്കും വിജയം. നവാഗതരായ ഹോങ്കോങ്ങിനെയാണ് ശ്രീലങ്ക പരാജയപ്പെടുത്തിയതെങ്കില്‍ ഗള്‍ഫ് മേഖലയില്‍ നിന്നു തന്നെയുള്ള ഒമാനെതിരേയാണ് യുഎഇയുടെ വിജയം. അക്ഷരാര്‍ഥത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച ശേഷമാണ് കൊമ്പുകുത്തിയതെന്നു ഹോങ്കോങ്ങിന് ആശ്വസിക്കാം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ്ങ് ഉയര്‍ത്തിയ 150 റണ്‍സ് എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നില്‍ക്കെത്തന്നെ മറികടക്കാന്‍ ശ്രീലങ്കയ്ക്കായി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പാത്തും നിസംഗയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഈ വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.
ലങ്കന്‍ ബൗളര്‍മാര്‍ക്കു മുന്നിലും ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നിലും അസാമാന്യമായ പോരാട്ട വീര്യം പുറത്തെടുക്കാന്‍, തോറ്റുപോയെങ്കിലും, ഹോങ്കോങ്ങിനു സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ്ങ് ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ നിസാക്കത്ത് ഖാന്‍ (52), അര്‍ധ സെഞ്ചുറിക്കു തൊട്ടടുത്തു വരെയെത്തിയ അന്‍ഷുമാന്‍ രാഥ് (48) എന്നിവരുടെ പ്രകടനമാണ് ഹോങ്കോങ്ങിന്റെ സ്‌കോര്‍ 149 വരെ ഉയര്‍ത്തിയത്. രണ്ടാമത് ബാറ്റ് ചെയ്ത ശ്രീലങ്കയെ ഒരു പരിധി വരെയെങ്കിലും തളയ്ക്കാന്‍ ഹോങ്കോങ്ങിന്റെ ബൗളര്‍മാര്‍ക്കായി എന്നതു വളരെ ശ്രദ്ധേയമാണ്. കുസാല്‍ മെന്‍ഡിസ് (11), കാമില്‍ മിഷാര (19) കുസാല്‍ പെരേര (20)ക്യാപ്റ്റന്‍ ചാരിത് അസലങ്ക (2) കാമിന്ദു മെന്‍ഡിസ് (5) എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി അഞ്ചു ബാറ്റ്‌സ്മാന്‍മാരെ ഇരുപതു കടക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടാനായി എന്നത് ഹോങ്കോങ്ങിന്റെ പ്രകടനത്തെ മികച്ചതാക്കുന്നു.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ഒമാനെ തളച്ചത് 42 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്തത് യുഎഇയായിയിരുന്നു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് യുഎഇ നേടിയപ്പോള്‍ ഒമാന് 18.4 ഓവറില്‍ 130 റണ്‍സ് എത്തിയപ്പോഴേക്കും വിക്കറ്റുകളെല്ലാം നഷ്ടമായിരുന്നു. ആധികാരിക വിജയം ആതിഥേയര്‍ക്കു ലഭിക്കുകയും ചെയ്തു.