സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്ക് ഉടന്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വരും. മൂന്നു മാസം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കാനാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം. അത്ര ഗുരുതരമായ പ്രശ്‌നമായിരുന്നതില്‍ കളിക്കുന്നതിന് ഉടന്‍ വീണ്ടുമിറങ്ങുന്നത് ദോഷം ചെയ്യുമെന്നാണ് വൈദ്യശാസ്ത്ര സംഘത്തിന്റെ നിഗമനം.
അപായകരമായ രീതിയില്‍ ഒരു ബോള്‍ ചാടിപ്പിടിച്ച ശേഷം അയ്യര്‍ നിലത്തു വീഴുകയായിരുന്നു. ആ വീഴ്ചയില്‍ വാരിയെല്ലിനു പരിക്കേല്‍ക്കുകയും ആഗ്നേയ ഗ്രന്ഥിക്ക് കീറലുണ്ടാകുകയും ചെയ്തു. വേദന കൊണ്ടു പുളഞ്ഞതോടെ ആശുപത്രിയിലേക്കു മാറ്റുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചയോളം കളിക്കളത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും പിന്നീടത് മൂന്നു മാസത്തേക്ക് വേണമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ എത്തിയത്.
ബിസിസഐ ഇതിനിടെ അയ്യരുടെ കുടുംബാംഗങ്ങളെ സിഡ്‌നിയില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിഡ്‌നിയിലെത്തിയ സഹോദരി അയ്യരെ സന്ദര്‍ശിച്ച ശേഷം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന് ഏറെ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. ഡിസംബര്‍ പത്തിനാണ് ഇന്ത്യന്‍ ഏകദിന ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.

