സിഡ്നി: ഓസ്ട്രേലിയയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ആപല്‍ക്കരമായ ഡൈവിങ് നടത്തുന്നതിനിടെ പരിക്കേറ്റ് സ്റ്റേഡിയത്തില്‍ വീണ ഇന്ത്യന്‍ ഉപനായകന്‍ ശ്രേയസ് അയ്യരുടെ നില മെച്ചപ്പെടുന്നു. ഇപ്പോഴും ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തന്നെയാണ് താരമെങ്കിലും അപായഘട്ടം കടന്നതായി മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി നീട്ടിയടിച്ച പന്ത് തലയ്ക്കു മുകളിലൂടെ പോകുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ പന്തു വരുന്ന വശത്തേക്ക് നീട്ടീ ഡൈവ് ചെയ്തു ക്യാച്ച് എടുക്കുന്നത്. കാരിയെ പുറത്താക്കാനായെങ്കിലും ആ ഡൈവിങ് അയ്യരെ സംബന്ധിച്ചിടത്തോളം ആപല്‍ക്കരമായി മാറുകയായിരുന്നു. വാരിയെല്ലിനുള്ളില്‍ ക്ഷതമേറ്റു സ്റ്റേഡിയത്തിനുള്ളില്‍ അതികഠിനമായ വേദനയോടെ വീഴുകയായിരുന്നു.
സ്റ്റേഡിയത്തില്‍ തന്നെയുണ്ടായിരുന്ന വൈദ്യസംഘം ഓടിയെത്തി പ്രഥമശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. ഇപ്പോഴും ഐസിയുവില്‍ തന്നെയാണെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നു. ഇനിയും ഒരാഴ്ച കൂടിയെങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അതിനു ശേഷം മാത്രമേ ഇന്ത്യയിലേക്കു മടങ്ങാനാവൂ.

