ശ്രേയസ് അയ്യരെ ഡിസ്ചാര്‍ജ് ചെയ്തു, മടക്കയാത്ര നീളും, ഡോക്ടര്‍മാര്‍ പറയുവോളം സിഡ്‌നിയില്‍ തന്നെ താമസിക്കും

സിഡ്‌നി: ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി, പക്ഷേ, സിഡ്‌നിയില്‍ തന്നെ തുടരേണ്ടിവരുമെന്നും ബിസിസിഐ അറിയിച്ചു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ തക്ക ആരോഗ്യമായി എന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്നതുവരെയാണ് ഇങ്ങനെ താമസം തുടരേണ്ടിവരുന്നത്.

സിഡ്‌നിയിലെ മെഡിക്കല്‍ സംഘത്തിനൊപ്പം ബിസിസഐയുടെ മെഡിക്കല്‍ സംഘവും അയ്യരെ പരിശോധിക്കുന്നുണ്ട്. ഡോ. കൊറോഷ് ഹാഗിഗിയുടെ നേതൃത്വത്തിലുള്ള സിഡ്‌നിയിലെ ഡോക്ടര്‍മാരും ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവുമാണ് ചികിത്സയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ അയ്യരുടെ പ്ലീഹയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്യാച്ച് എടുത്ത ശേഷം ഒരു വശത്തേക്ക് കൈ കുത്തി വീണു. ഈ വീഴ്ചയിലാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം അധികരിച്ചത് ഡോക്ടര്‍മാരെ ആദ്യ ഘട്ടത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം അയ്യര്‍ സമൂഹ മാധ്യമത്തിലൂടെ തന്റെ ആരോഗ്യ വിവരം പങ്കുവയ്ക്കുകയും ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *