ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ വസ്തു കോടതി കയറുന്നു. നടിയുടെ പേരില്‍ ചെന്നൈ നഗരത്തിലുള്ള വസ്തു ഏതാനും ചിലര്‍ കൈയേറാനും സ്വന്തമാക്കാനും ശ്രമിക്കുന്നുവെന്ന അരോപണവുമായി ഭര്‍ത്താവ് ബോണി കപൂറാണ് കോടതിയിലെത്തിയിരിക്കുന്നത്. മൂന്നു പേരുടെ കൃത്യമായ വിവരങ്ങള്‍ സഹിതമാണ് ബോണി കപൂര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ശ്രീദേവിയുടെ വസ്തു സ്ഥിതി ചെയ്യുന്നത്.
എം സി സംബന്ധ മുതലിയാര്‍ എന്ന വ്യക്തിയില്‍ നിന്ന് 1988 ഏപ്രില്‍ 19നാണ് ശ്രീദേവി ഈ വസ്തു വാങ്ങുന്നത്. അന്നു മുതല്‍ ഇതിന്റെ പൂര്‍ണ ഉടമസ്ഥതയും വില്‍ക്കാനുള്ള അവകാശവുമെല്ലാം ശ്രീദേവിയുടെ പേരില്‍ തന്നെയാണെങ്കിലും ഇപ്പോള്‍ അനധികൃതമായി അവകാശം സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇവരിലൊരാള്‍ മുതലിയാരുടെ മക്കളിലൊരാളുടെ രണ്ടാം ഭാര്യയെന്നു പറയപ്പെടുന്ന സ്ത്രീയും മറ്റു രണ്ടുപേര്‍ ഇവരുടെ മക്കളുമാണ്. 1975ല്‍ നടന്നതായി പറയപ്പെടുന്ന രണ്ടാം വിവാഹം, ആ സമയത്ത് ആദ്യഭാര്യ ജീവിച്ചിരുന്നതിനാല്‍ അസാധുവാണെന്നു കപൂര്‍ പറയുന്നു. ആദ്യഭാര്യ മരിക്കുന്നത് 1999ല്‍ മാത്രമാണ്. മൂന്നു പേര്‍ക്ക് റവന്യൂ അധികൃതര്‍ നല്കിയ അനന്തരാവകാശ രേഖയെക്കുറിച്ചും കപൂര്‍ സംശയം ഉന്നയിക്കുന്നുണ്ട്. അതിന് റവന്യൂ ഉദ്യോഗസ്ഥന് അധികാരമില്ലായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കപൂറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജഡ്ജി എന്‍ ആനന്ദ വെങ്കിടേഷ് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ താംബരം താലൂക്ക് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1996ലായിരുന്നു ബോണി കപൂറിന്റെയും ശ്രീദേവിയുടെയും വിവാഹം. ഇതില്‍ അവര്‍ക്ക് രണ്ടു പുത്രിമാരാണുള്ളത്.
അന്തരിച്ചിട്ടും സമാധാനം കിട്ടാതെ ശ്രീദേവി, വസ്തു കോടതി കയറുന്നു
