മെസി വരും ട്ടോ, കേരളത്തിലല്ല, ഹൈദരാബാദില്‍, ടിക്കറ്റ് വില്‍പന അടുത്തയാഴ്ച മുതല്‍, പ്രധാനമന്ത്രിയെയും കാണും

ന്യൂഡല്‍ഹി: അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി കേരളത്തിലെത്തില്ലെങ്കിലും ദക്ഷിണേന്ത്യയില്‍ എത്തുമെന്ന് ഗോട്ട് ടൂര്‍ ടു ഇന്ത്യ എന്ന പേരിലുള്ള മെസിയുടെ സന്ദര്‍ശന പരിപാടിയുടെ സംഘാടകന്‍ സത്യാദ്രു ദത്ത പറയുന്നു. മെസിയെ കാണുന്നതിനായി കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരെ ഹൈദരാബാദില്‍ എത്തിക്കുന്നതിനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെലെ, ഡിഗോ മറഡോണ, റൊണാള്‍ഡിഞ്ഞോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നീ താരങ്ങളെയെല്ലാം ഇന്ത്യയില്‍ കൊണ്ടുവന്ന പരിചയ സമ്പന്നനാണ് സത്യാദ്രു.

ഡിസംബര്‍ 12നോ 13നോ ആയിരിക്കും മെസി ഇന്ത്യയില്‍ എത്തുകയെന്നാണ് ഇദ്ദേഹം പറയുന്നത്. 13ന് രാവിലെ കൊല്‍ക്കത്തിയിലും വൈകുന്നേരം ഹൈദരാബാദിലും മെസിയെത്തും. 14ന് മുംബൈയിലും 15ന് ഡല്‍ഹിയിലുമായിരിക്കും മെസിയുടെ പരിപാടികള്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ ഗച്ചിബൗളി സ്‌റ്റേഡിയത്തിലോ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലോ ആയിരിക്കും മെസിയുടെ പരിപാടി നടക്കുക. ടിക്കറ്റ് വില്‍പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നും സത്യാദ്രു പറയുന്നു. മെസിക്കൊപ്പം ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *