ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണുമായി പോകുന്ന സ്വഭാവമുള്ളവര്‍ക്ക് കര്‍ശനമായ താക്കീതായിരിക്കുകയാണ് ഇതു സംബന്ധിച്ച് അമേരിക്കയില്‍ നടന്ന പഠനം. ഇങ്ങനെ ബാത്ത്‌റൂമുകളില്‍ കയറിയിറങ്ങുന്ന ഫോണുകളില്‍ രോഗമുള്ളവയും അല്ലാത്തവയുമായി ബന്ധപ്പെട്ട അണുക്കളുടെ സാമീപ്യം അധികമായിരിക്കുമെന്നതിനു പുറമെയാണ് അതീവ പ്രാധാന്യത്തോടെ ഈ പഠനം പുറത്തു വിടുന്ന മറ്റൊരു കണ്ടെത്തല്‍. സ്ഥിരമായി ഫോണുമായി ഒന്നിനും രണ്ടിനുമൊക്കെ പോയി അധികസമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നവര്‍ക്ക് അര്‍ശസ് അഥവാ പൈല്‍സ് ബാധിക്കുന്നതിനു വളരെ കൂടിയ സാധ്യതയാണെന്നാണ് ഈ പഠനത്തില്‍ സംശയത്തിനിടയില്ലാത്ത വിധത്തില്‍ തെളിഞ്ഞിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 125 പേരെയാണ് ഈ പഠനത്തിനായി ഇന്റര്‍വ്യൂ ചെയ്തത്. അവരില്‍ സ്ഥിരമായി ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 66 ശതമാനമായിരുന്നു. ഇവരായിരുന്നു ആവശ്യത്തില്‍ കവിഞ്ഞുള്ള സമയം അവിടെ ഉപവിഷ്ഠരായിരുന്നവരും. ഇങ്ങനെ അധിക സമയം ചെലവഴിക്കുന്ന സ്വഭാവം നിയന്ത്രിക്കാന്‍ ഇവരെക്കൊണ്ടു സാധിക്കാറുമില്ല. അതായത് ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഒന്നുകില്‍ വാര്‍ത്തവായിക്കുന്നു, അതല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുന്നു. ചിലര്‍ക്കാകട്ടെ വിരേചനത്തെക്കാള്‍ താല്‍പര്യം ഫോണിന്റെ ഉപയോഗമാണ്. അതിനായി എത്രയധികം സമയം വേണമെങ്കിലും അവിടെയിരുന്നുകൊള്ളും. ഇതിന്റെ ഫലം വളരെ കൃത്യമായി ഈ പഠനത്തില്‍ തെളിയുന്നു. ഇക്കൂട്ടര്‍ക്ക് പൈല്‍സ് ബാധിക്കുന്നതിന് 46 ശതമാനം അധിക സാധ്യതയാണുള്ളത്.
തുടക്കത്തില്‍ പൈല്‍സ് വളരെ ചെറിയ മുഴകളായി തള്ളി വരികയായിരിക്കും ചെയ്യുകയെങ്കിലും പിന്നീട് അതിന്റെ വലുപ്പം വര്‍ധിക്കുകയും അതിനൊപ്പം അസ്വസ്ഥത കൂടുകയും ചെയ്യും. ഈ അവസ്ഥ സുഖവിരേചനത്തിനു തന്നെ തടസമായി മാറുന്നതാണ് പതിവ്. ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന ഏറ്റവും വലിയ ഏനോറെക്ടല്‍ രോഗബാധ പൈല്‍സാണ്. ഒന്നുകില്‍ ഫോണുമായി ബാത്ത്‌റൂമില്‍ കയറുന്നത് അവസാനിപ്പിക്കുക, അല്ലെങ്കില്‍ രക്തവാര്‍ച്ചയ്ക്കു വരെ കാരണമാകുന്ന ഈ രോഗവുമായി ജീവിക്കുക. ഇതാണ് പഠനത്തിനൊടുവില്‍ ഗവേഷകര്‍ പറയുന്ന കാര്യം.
സ്മാര്‍ട്ട് ഫോണുമായാണോ ബാത്ത്‌റൂം വാസം, സംഗതി കുഴപ്പം, അറിയാന്‍ വൈകുമെന്നു മാത്രം
