ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ വോട്ടര്‍ പട്ടികയുടെ സമഗ്ര പുതുക്കല്‍ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്ഐആര്‍) ആരംഭിച്ചു. ഇതോടെ നിലവിലുണ്ടായിരുന്ന വോട്ടര്‍ പട്ടിക ഇത്രയും സംസ്ഥാനങ്ങളില്‍ മരവിപ്പിക്കപ്പെട്ടു. പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ലക്ഷദ്വീപ്, ആന്തമാന്‍ ആന്‍ഡ് നിക്കോബാര്‍, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാന്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഇക്കുറി വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുക. ഒന്നാം ഘട്ടം ബീഹാറിലെ പുതുക്കലായിരുന്നെന്നും അതു വിജയകരമായി പൂര്‍ത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. രണ്ടാം ഘട്ടമായാണ് പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പട്ടിക പുതുക്കുന്നത്. ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ടു മാസത്തിനകം നടക്കാനിരിക്കുന്നതിനാല്‍ കേരളത്തിലെ വോട്ടര്‍ പട്ടിക പരിഷ്കരണം വൈകിപ്പിക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അക്കാര്യം പരിഗണിച്ചിട്ടേയില്ല. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത് പുതിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഇതോടെ ഉറപ്പായി.

