അവാര്‍ഡ് നിശയ്ക്കായി വിദേശത്തു പോകണമെന്ന് സൗബിന്‍, പറ്റില്ലെന്നു കോടതി

കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ അകപ്പെട്ട ചലച്ചിത്ര താരം സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കൊച്ചിയിലെ കോടതി. ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിന് ദുബായ് യാത്രയ്ക്ക് അനുമതി ചോദിച്ചാണ് സൗബില്‍ കൊച്ചിയില്‍ മജസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. ഈ കേസില്‍ സൗബിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ രാജ്യം വിടുന്നത് കോടതി പണ്ടേ വിലക്കിയിട്ടുള്ളതാണ്.
ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരാണ് സൗബിനു പുറമെ ഈ കേസിലെ പ്രതികള്‍. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ഹര്‍ജി കോടതി തള്ളിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് മരട് സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയില്‍ കൊച്ചി പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ സിറാജ് പണം വേണ്ട സമയത്ത് മുടക്കിയില്ലെന്നും അതിനാല്‍ ഷൂട്ടിങ് നീണ്ടുപോയതിന്റെ ഫലമായി തങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നുമാണ് സൗബിനും മറ്റും തിരികെ വാദിച്ചത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.