കര്‍മം മൂത്ത് കര്‍മി തന്നെ ഇല്ലാതായതു പോലെയായി ആളൊടുങ്ങിയ ആഭിചാരം

പാലക്കാട്: ആഭിചാരം കുടത്തപ്പോള്‍ ആയുസൊടുങ്ങി, ശത്രുവിനല്ലെന്നു മാത്രം. മന്ത്രവാദിയും ഗുണഭോക്താവായ യുവാവും പുഴയില്‍ മുങ്ങിയാണ് മരിച്ചത്. സംഭവം നടന്നത് പാലക്കാട്ട്. കഴിഞ്ഞ രണ്ടു ദിവസമായി പാലക്കാടിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന് കൊഴിഞ്ഞാമ്പാറയില്‍ മന്ത്രവാദിയായ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനായി ആഭിചാരങ്ങള്‍ നടക്കുകയായിരുന്നു. സ്വന്തം ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവരാജ് എന്ന യുവാവ് ഹസന്റെ വീട്ടിലെത്തിയത്. ക്രിയകള്‍ പുരോഗമിക്കെ, അവയുടെ ഭാഗമായ മുങ്ങിക്കുളി ആവശ്യമായി വന്നു. അതിനു വേണ്ടി മന്ത്രവാദിയും യുവാവും പുഴയിലിറങ്ങുകയായിരുന്നു. ആചാരപരമായ രീതിയില്‍ തന്നെ കുളിക്കുന്നതിനായി പുഴയുടെ ആഴമുള്ള ഭാഗത്തെത്തുകയും മുങ്ങിത്താഴുകയുമായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.