തിരുവനന്തപുരം: സ്വന്തം നിലയില്‍ ഏറെ ആനുകൂല്യങ്ങളോടെ സൂര്യപ്രകാശത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന പ്രതീക്ഷയോടെ സോളാറിലേക്കു തിരിഞ്ഞ ഉപഭോക്താക്കളുടെ ദുരിതം അവസാനിക്കുന്നില്ല. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ സമാന സംരംഭകര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമ്പോഴാണ് കേരളത്തിലെ ദുരവസ്ഥ.
സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ കൊണ്ടുവരാന്‍ നിശ്ചയിക്കുന്ന നിബന്ധനകളില്‍ കടുത്ത ആശങ്കയാണ് നിലവിലുള്ള ഉപഭോക്താക്കള്‍ രേഖപ്പെടുത്തുന്നത്. വൈദ്യുതി ബില്ലിന്റെ ഇരുട്ടടിയില്‍ നിന്നു രക്ഷ നേടുന്നതിനാണ് ഉപഭോക്താക്കളില്‍ മിക്കവരും സോളാറിലേക്കു തിരിഞ്ഞതെങ്കിലും ഈയിനത്തിലുള്ള പണച്ചെലവില്‍ നിന്നു മോചനമുണ്ടാകില്ലെന്ന ആശങ്കയാണ് പൊതുവേയുള്ളത്.
നിലവില്‍ പതിനായിരം കിലോവാട്ട് വരെ നെറ്റ് മീറ്ററിംഗ് പരിധിക്കുള്ളിലാണ് വരുന്നത്. എന്നാല്‍ ഇതിനെ കുത്തനെ താഴ്ത്തി നെറ്റ് മീറ്ററിംഗ് പരിധി മൂന്നു കിലോവാട്ടില്‍ ഒതുക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. എന്നു മാത്രമല്ല പകല്‍ സമയം ഗ്രിഡിലേക്കു നല്‍കിയ വൈദ്യുതിയുടെ എത്ര ശതമാനമായിരിക്കും രാത്രി സമയത്ത് തിരികെ സ്വീകരിക്കാന്‍ സാധിക്കുന്നത് എന്നതിലും സന്ദേഹങ്ങള്‍ ബാക്കിയാണ്. മൂന്നു കിലോവാട്ടില്‍ താഴെ ഉപയോഗമുള്ളവര്‍ക്കു മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അതിനു മുകളിലേക്ക് ഉല്‍പാദനമുള്ളവര്‍ വൈദ്യുതി ശേഖരിച്ചു സൂക്ഷിക്കുന്നതിനുള്ള ബാറ്ററികള്‍ കൂടി വീട്ടില്‍ തന്നെ സ്ഥാപിക്കേണ്ടതായി വരും. അല്ലാത്ത പക്ഷം അവര്‍ നെറ്റ് മീറ്ററിങ്ങില്‍ നിന്നു ഗ്രോസ് മീറ്ററിങ്ങിലേക്കു മാറേണ്ടതായി വരും.
ഒരു ഉപഭോക്താവ് എത്ര വൈദ്യുതിയാണോ ഗ്രിഡിലേക്കു നല്‍കിയത് അത്രയും വൈദ്യുതി തന്നെ തിരികെ ലഭിക്കുന്നതായിരുന്നു നെറ്റ് മീറ്ററിങ് പദ്ധതി. എന്നാല്‍ ഇതിനു പകരം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഗ്രോസ് മീറ്ററിങ് പദ്ധതിയില്‍ സോളാര്‍ ഉല്‍പാദകര്‍ തങ്ങളുടെ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി അത്രയും ബോര്‍ഡിനു വില്‍ക്കുകയാണ് വേണ്ടത്. ഇതിനു താരതമ്യേന തുച്ഛമായ വില മാത്രമായിരിക്കും ലഭിക്കുക. അതിനു ശേഷം ആവശ്യ സമയത്ത് ബോര്‍ഡില്‍ നിന്നു സാധാരണ നിരക്കില്‍ വൈദ്യുതി വിലകൊടുത്തു വാങ്ങുകയും വേണം. ഇതിനെയാണ് ഗ്രോസ് മീറ്ററിങ് എന്നു വിളിക്കുന്നത്. ഈ സമ്പ്രദായത്തില്‍ നിന്നു മാറണമെങ്കില്‍ അത്രയും വൈദ്യുതി ശേഖരിച്ചു വയ്ക്കുന്നതിനുള്ള ബാറ്ററികള്‍ കൂടി ഉല്‍പാദകര്‍ വാങ്ങേണ്ടതായി വരും. ബാറ്ററികളാണ് സോളാര്‍ ഉല്‍പാദനത്തിലെ ഏറ്റവും ചെലവേറിയ ഘടകം. ഒരേ ദിവസം മൂന്നു വ്യത്യസ്ത സ്ലാബുകളിലുള്ള നിരക്കായിരിക്കും ഉല്‍പാദകരായ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക.
എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ആനുകൂല്യങ്ങളുടെ പരിധി ഉയര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്. ഡിസ്ട്രിബ്യൂട്ടഡ് സോളാര്‍ പിവി പ്ലാന്റുകള്‍ എന്നാണ് പുതിയ പദ്ധതിക്ക് കര്‍ണാടക ഗവണ്‍മെന്റ് പേരിട്ടിരിക്കുന്നത്. ഇതു പ്രകാരം വീടുകളുടെ മേല്‍ക്കൂരകളില്‍ മാത്രമല്ല, കെട്ടിടങ്ങളുടെയും ഫ്‌ളാറ്റുകളുടെയും ചുമരുകള്‍ ഉള്‍പ്പെടെ ഏതു ഭാഗത്തും പാനലുകള്‍ സ്ഥാപിക്കാം. എന്തിനധികം, മുറ്റത്തു പോലും പാനലുകളാകാം. ആകെകൂടിയുള്ള നിബന്ധന സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം എന്നതു മാത്രം. ഇനി അഥവാ സ്വന്തം വീടുകളിലോ വീടുകളോട് അനുബന്ധിച്ച് പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഏതെങ്കിലും സ്ഥലത്തു നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ഗ്രിഡിലേക്കു നല്‍കുകയും ചെയ്യാം. ഒരു ഉപഭോക്താവിന് ഒന്നിലധികം സ്ഥലങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും കര്‍ണാടകത്തില്‍ അനുമതിയുണ്ട്.
കേരളത്തില്‍ സോളാറിന് ഇരുട്ടടി, കര്‍ണാടകത്തില്‍ തലോടല്‍
