വെള്ളിയില്‍ പൊള്ളി ഇന്ത്യ, ദീപാവലിയെത്തുന്നത് വെള്ളി ക്ഷാമത്തിനു നടുവിലേക്ക്

മുംബൈ: ദീപാവലിക്ക് ഇനി ആറു ദിവസം മാത്രം. ഇന്ത്യയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഏറ്റവും കച്ചവടം നടക്കുന്ന ദീവാളി ഉത്സവം ഇക്കൊല്ലം പൊന്നിന്റെയും വെള്ളിയുടെയും തിളക്കമില്ലാതെയായിരിക്കുമോ എത്തുക. അല്ലെങ്കില്‍ പൊന്നും വെള്ളിയുമൊക്കെ പതിവുപോലെ വാങ്ങാനിറങ്ങുന്നവര്‍ ദീവാളി കുളിച്ചു എന്നു പറയുന്നതു പോലെ കുത്തുപാളയെടുക്കുകയേയുള്ളൂ.

സ്വര്‍ണത്തിന് ഇന്നത്തെ വില ഒരു പവന് 95000 രൂപയ്ക്കാടുത്തായിരുന്നു. എന്നാല്‍ വെള്ളിയുടെ കാര്യമെടുത്താല്‍ അതിലും കഷ്ടമാണ്. ഒരു കിലോ വെള്ളിക്ക് 1.8 ലക്ഷം രൂപയാണ് വില. അതു തന്നെ കൊടുക്കാമെന്നു വിചാരിച്ചാലും എങ്ങും കിട്ടാനുമില്ല. വെള്ളിയുടെ കടുത്ത ക്ഷാമം നിമിത്തം സ്റ്റേറ്റ്ബാങ്കുള്‍പ്പെടെ മൂന്നു മുന്‍നിര ധനകാര്യ സ്ഥാപനങ്ങള്‍ വെള്ളിയുടെ ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട്) നിര്‍ത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വെള്ളിക്ക് ഇത്രയും ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മറ്റു രാജ്യങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വെള്ളി ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചതാണ് ലഭ്യത കുറച്ച പ്രധാന കാരണമെന്നാണ് പറയുന്നത്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാറ്ററികള്‍ എന്നിവയില്‍ വെള്ളി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളി ആവശ്യമായി വന്നതാണേ്രത ഇവയുടെ ക്ഷാമത്തിനു കാരണം.