ഖലിസ്ഥാന്റെ കൊടും തീവ്രവാദിയും സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ കാനഡയിലെ നേതാവുമായ ഇന്ദര്‍ജിത് ഗോസാല്‍ അറസ്റ്റില്‍

ഒട്ടാവ: ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ കൊടും തീവ്രവാദിയും ഗുര്‍പന്ത്‌വന്ത് സിംഗ് പന്നുവിന്റെ ഏറ്റവും അടുത്ത കൂട്ടാളിയുമായ ഇന്ദര്‍ജിത് സിംഗ് ഗോസാല്‍ കാനഡയിലെ ഒട്ടാവയില്‍ അറസ്റ്റിലായി. അനധികൃതമായി വെടിക്കോപ്പുകള്‍ കൈവശം വച്ചതിനാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ കാനഡയിലെ പ്രധാന സംഘാടകനാണിയാള്‍. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഗോസാല്‍ കാനഡയിലെ ഖലിസ്ഥാന്റെ നേതൃനിരയിലേക്ക് കടന്നു വരുന്നത്. ഒരു വര്‍ഷത്തിനിടയില്‍ ഇതു രണ്ടാം പ്രാവശ്യമാണ് ഗോസാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഗ്രേറ്റര്‍ ടോറന്റോ മേഖലയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. തീവ്രവാദത്തെ സംയുക്തമായി ചെറുക്കുന്നതിനുള്ള ധാരണ ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയില്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഗോസാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.