സിഖ് വംശജയായ യുവതിയെ പട്ടാപ്പകല്‍ പീഢിപ്പിച്ചു, വംശീയ അധിക്ഷേപം ചൊരിഞ്ഞു

ലണ്ടന്‍: പട്ടാപ്പകല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിനടുത്ത് ഓള്‍ഡ്ബറിയില്‍ സിഖ് വംശജയായ യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് പരസ്യമായി ബലാല്‍സംഗം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയതതായി പരാതി. ജനങ്ങള്‍ കാണ്‍കെ സമീപത്തുള്ള പാര്‍ക്കില്‍ വച്ചായിരുന്നു അതിക്രമം അരങ്ങേറിയത്. ബലാല്‍സംഗം ചെയ്യുന്നതിനിടെ ഇവരോട് സ്വന്തം നാട്ടിലേക്ക് എത്രയും വേഗം മടങ്ങിക്കൊള്ളണമെന്നു പറയുകയും ചെയ്തുകൊണ്ടേയിരുന്നതായി യുവതി പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. ബലാല്‍സംഗത്തിനു പുറമെ വംശീയ വിദ്വേഷത്തിനു കൂടി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നു. അക്രമികള്‍ രണ്ടുപേരും വെള്ളക്കാരായിരുന്നു.
പ്രതികളെ കണ്ടെത്താന്‍ സഹായകമാകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍ നിന്നും ഡാഷ്‌ക്യാമറകളില്‍ നിന്നുമൊക്കെയായി പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് ഇംഗ്ലണ്ടിലെങ്ങും വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളുടെ ഭാഗം തന്നെയാണ് ഈ അതിക്രമവുമെന്ന് ഇന്ത്യന്‍ വംശജരുടെയും സിക്കുകാരുടെയും സംഘടനകള്‍ ആരോപിച്ചു. സിഖ് വംശജയായ ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍ ഈ സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അതിക്രമത്തിനിരയായ യുവതി ഇംഗ്ലണ്ടുകാരിയാണ്. വംശീയ വിദ്വേഷത്തിനും സ്ത്രീവിരുദ്ധതയ്ക്കും ഈ മണ്ണില്‍ സ്ഥാനമില്ല. കൗര്‍ ഗില്‍ എക്‌സില്‍ കുറിച്ചു. പോലീസുമായി ചേര്‍ന്ന് സിഖ് വംശജരുടെ മനസിനേറ്റ മുറിവ് ഉണക്കാന്‍ പരിശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.