ലേഖനമെഴുതിയതിന് സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ കേസ്

ദിസ്പൂര്‍: രാജ്യാന്തര പ്രശസ്തി നേടിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ ആസാം പോലീസ് രാജ്യദ്രോഹ കേസെടുത്തു. ഇതില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസിലെ തുടര്‍നടപടികള്‍ കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നതാണ്. എന്നിരിക്കെയാണ് ചോദ്യം ചെയ്യലിനു 22ാം തീയതി ഹാജരാകാന്‍ ഗുവാഹത്തി പോലീസ് നോട്ടിസ് നല്‍കിയത്. ദി വയര്‍ എന്ന സ്വതന്ത്ര മാധ്യമത്തിലെ പത്രപ്രവര്‍ത്തകരാണ് ഇവര്‍ ഇരുവരും. സിദ്ധാര്‍ഥ് വരദരാജനാണ് ദി വയറിന്റെ സ്ഥാപകന്‍.
ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
മുമ്പ് ദി ഹിന്ദുവിന്റെ എഡിറ്ററായിരുന്നു സിദ്ധാര്‍ഥ്.