ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയം കുറിച്ചതോടെ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കു തകര്‍പ്പന്‍ തുടക്കം. ഇതുവരെയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പൊതു സ്വഭാവത്തിനു വിരുദ്ധമായി ഇന്ത്യയുടെ മള്‍ട്ടി ഫോര്‍മറ്റ് ക്യാപ്റ്റന്‍ എന്ന പേരു കൂടി ഗില്‍ സ്വന്തമാക്കുകയാണിപ്പോള്‍.
ഈ വിജയത്തോടെ ഇന്ത്യന്‍ ടീമിനും ടെസ്റ്റ് സീരിസില്‍ അഭിമാനിക്കാനേറെ. ഒന്നാമതായി കഴിഞ്ഞ വര്‍ഷം ന്യൂസീലാന്‍ഡുമായുള്ള ടെസ്റ്റ് സീരീസ് 2-0ന് കൈവിട്ടു പോയതിന്റെ ക്ഷീണം അതേ തോതിലുള്ള വിജയത്തോടെ പരിഹരിക്കാനായി. അതുപോലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നില 24ലേക്ക് ഉയര്‍ത്തുന്നതിനായി. കുല്‍ദീപ് യാദവ് എന്നൊരു ആക്രമണകാരിയായ സ്പിന്‍ മാന്ത്രികനെ കണ്ടെത്താനും ഇതിനൊപ്പം സാധിച്ചു.
ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ മള്‍ട്ടി ഫോര്‍മാറ്റ് ഐക്കണായി മാറുന്നു എന്നത് ചെറിയ കാര്യമല്ല. ഏകദിനത്തിലും ട്വന്റി-20യിലും ടെസ്റ്റിലും ഒരു പോലെ മികവു തെളിയിക്കുക എന്ന വലിയ നേട്ടമാണ് ഇതിലൂടെ ഗില്ലിനു സ്വന്തമായിരിക്കുന്നത്. ഒരു ടെസ്റ്റ് സീരീസ് എന്നത് കളിക്കാരുടെ അതിജീവന ശേഷിയുടെ ഏറ്റവും വലിയ ഉരകല്ലാണെങ്കില്‍ അവസാന നിമിഷം വരെ ക്ഷീണമറിയാതെ പൊരുതുകയായിരുന്നു ഗില്‍ എന്ന ക്യാപ്റ്റന്‍.
ഇന്ത്യ ഉടന്‍ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുകയാണ്. ഇതിലാണെങ്കില്‍ പരിണിത പ്രജ്ഞരായ കളിക്കാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിക്കാനിറങ്ങുന്നത് ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലാണ്. അതിനു ശേഷം ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് സീരീസ് വരുന്നു. ഇതിലെല്ലാം ഗില്ലിന് ഇനി ന്യൂസീലാന്‍ഡ് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ പന്തുകളെയും വിമര്‍ശകരെയും നേരിടുന്നതിനു സാധിക്കുമെന്നത് ചെറിയ കാര്യമല്ല.

