മുംബൈ: വെള്ളിക്ക് വിപണിയില്‍ കടുത്ത ക്ഷാമം തുടരുന്നതിനിടെ വെള്ളിയിലുള്ള ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപം നിര്‍ത്തി വയ്ക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പും തീരുമാനിച്ചു. ഇതേ തീരുമാനം കഴിഞ്ഞ ദിവസം മുന്‍കിട ഇടിഎഫ് സേവന ദാതാക്കളായ കൊട്ടക് മ്യൂച്വല്‍ ഫണ്ടും യുടിഐ മ്യൂച്വല്‍ ഫണ്ടും സ്വീകരിച്ചിരുന്നു. ഇന്നു മുതല്‍ എസ്ബിഐയും ഇതേ തീരുമാനം നടപ്പാക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി നാണയങ്ങള്‍, വെള്ളി ബാറുകള്‍ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെയാണ് വിപണിയിലേക്ക് ഇവയുടെ വരവ് കുറഞ്ഞത്. നിലവില്‍ 1.8 ലക്ഷം രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. നിക്ഷേപകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇടിഎഫ് നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറകടറും സിഇഓയുമായ നന്ദ് കിഷോര്‍ അറിയിച്ചു. എന്നാല്‍ വെള്ളിയിലുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ എന്നിവ തുടരുക തന്നെ ചെയ്യും. മറ്റു മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിര്‍ത്തുന്നതിനും കമ്പനിയുടെ മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നതിനും തടസമൊന്നുമുണ്ടായിരിക്കില്ല. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും താരിഫ് യുദ്ധവും കാരണമാണ് സ്വര്‍ണം പോലെ തന്നെ വെള്ളിയുടെയും ഡിമാന്‍ഡ് വര്‍ധിച്ചത്.
വെള്ളി കിട്ടാനില്ല, ഇടിഎഫ് നിര്‍ത്തി കൊട്ടക്, യുടിഐ; അതേ വഴി പിന്തുടരാന് എസ്ബിഐയും

