എസ്എഫ്‌ഐഒ രേഖകള്‍ ഷോണിനു കിട്ടില്ല

കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എലും മുഖ്യമന്ത്രിയുടെ പുത്രി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ തമ്മിലുള്ള വിവാദ ഇടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണ രേഖകള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനു ഹൈക്കോടതി നിഷേധിച്ചു. ഈ രേഖകള്‍ ഷോണിനു നല്‍കണമെന്ന പ്രത്യേക കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതു സംബന്ധിച്ച് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. എന്നാല്‍ സിഎംആര്‍എലിന്റെ വാദം കൂടി കേട്ട് ഷോണിന്റെ ഹര്‍ജി പ്രത്യേക കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കാടതി നിര്‍ദേശിച്ചു. തങ്ങളുടെ വാദം പ്രത്യേക കോടതി കേട്ടിരുന്നില്ലെന്ന് സിഎംആര്‍എല്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ജസ്റ്റിസ് വി ജി അരുണിന്റെയാണ് ഈ വിധി.
സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഈ ഏജന്‍സി അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഷോണ്‍ അതിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രത്യേക കോടതിയെ സമീപിക്കുന്നത്. പ്രതിസ്ഥാനത്ത് എക്‌സാലോജിക്കിനു പുറമെ സിഎംആര്‍എല്‍ കൂടിയുണ്ടായിരുന്നെങ്കിലും ഇവരുടെ വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി തയാറായില്ല. ഇതിനെതിരേയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്.