മുംബൈ: മുസ്ലിം സ്ത്രീകള്‍ നിസ്‌കരിച്ചതിലൂടെ പൊതുസ്ഥലം അശുദ്ധമായതായി ആരോപിച്ച് അവിടെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച് ഹിന്ദു സംഘടനകള്‍. പുനെയിലെ ശനിവാര്‍വാഡ കോട്ടയിലാണ് സംഭവം. ഇവിടെ മുസ്ലിം സമുദായത്തില്‍ പെട്ട സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ ആരോ പങ്കുവച്ചിരുന്നു. ഇതു കണ്ട് സ്ഥലത്തെത്തിയ ബിജെപി രാജ്യസഭാ എംപി മേധാ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു ശുദ്ധികലശം നടന്നത്.
മഹാരാഷ്ട്രയില്‍ ആയിരക്കണക്കിനു സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ശനിവാര്‍വാഡ. അവിടെയായിരുന്നു യാത്രക്കാരായി എത്തിയതെന്നു കരുതുന്ന മുസ്ലീം സ്ത്രീകളുടെ നിസ്‌കാരം. ശുദ്ധികലശത്തിന്റെ വാര്‍ത്തപരന്നതോടെ വലിയ രാഷ്ടീയ വിവാദമായി സംഭവം മാറിയിരിക്കുകയാണ്. ശുദ്ധീകരണം നടത്തിയ ശേഷം അവിടെ ശിവവന്ദനം കൂടി നടത്തിയാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം പിന്‍വാങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ തീവ്രഹിന്ദുക്കളുടെ സമൂഹ മാധ്യമ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നുമുണ്ട്.
മുസ്ലിം സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ ചിത്രം നേരത്തെ മേധാ കുല്‍ക്കര്‍ണി തന്നെ ഷെയര്‍ ചെയ്തിരുന്നു. ശനിവാര്‍വാഡ നിസ്‌കരിക്കാനുള്ള സ്ഥലമല്ലെന്നു പറഞ്ഞതിനൊപ്പം വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങളും ധാരാളമായിരുന്നു.

