കെയ്‌റോ: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ പരസ്യമായി വിലകുറച്ചു കാണിച്ച് ട്രംപിന്റെ പ്രസംഗം. എന്നാല്‍ അത് ഒട്ടുമേ വകവയ്ക്കാതെ ട്രംപിനെ വാനോളം ഉയര്‍ത്തി പാക് പ്രധാനമന്ത്രി. ഈജിപ്തിലെ ഷറം എല്‍ ഷെയ്ഖില്‍ ഗാസ സമാധാന ഉച്ചകോടിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്.
ചടങ്ങില്‍ പങ്കെടുത്തത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. എന്നു മാത്രമല്ല, ട്രംപ് പ്രസംഗിക്കുമ്പോള്‍ തൊട്ടു പിന്നില്‍ ഷരീഫ് നില്‍ക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് ട്രംപിന്റെ പ്രശംസ ആ പ്രദേശത്തു പോലുമില്ലാതിരുന്ന പാക് സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിലേക്കു പോകുന്നത്. മുനീറിനെ ട്രംപ് വിശേഷിപ്പിച്ചത് തന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ എന്നാണ്. ഇതു കേട്ടതും ഷരീഫിന്റെ മുഖം അല്‍പനേരത്തേക്കെങ്കിലും വിവര്‍ണമാകുകയും ചെയ്തു.
ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ട്രംപ് പേരെടുത്തു പറഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത്. തന്റെ വളരെ പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് മോദിക്കു ലഭിച്ച വിശേഷണം. ഇതു പറയുമ്പോള്‍ മോദിയും ഈജിപ്തിലില്ലായിരുന്നു. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച വളരെ നന്നായി മുന്നോട്ടു പോകില്ലേയെന്നു ചോദിക്കുമ്പോള്‍ അതിനു സമ്മതം മൂളിക്കിട്ടുന്നതിനു വേണ്ടി മാത്രമാണ് ഷഹബാസ് ഷരീഫിനെ ട്രംപ് തിരിഞ്ഞു നോക്കുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ പ്രസംഗിക്കാനെത്തിയ ഷരീഫ് ട്രംപിനെ അഭിനന്ദനംകൊണ്ടു പൊതിയുകയായിരുന്നു. ട്രംപിന്റെ പേര് അടുത്ത തവണ സമാധാന നോബലിനു നിര്‍ദേശിക്കുമെന്നു വരെ പ്രഖ്യാപനം നടത്തുകയും ചെയ്തു.

