സിഡ്നി: റഷ്യയുടെ നിഴല്ക്കപ്പല്ക്കൂട്ടത്തിലെ 95 കപ്പലുകള്‍ക്കു കൂടി ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് അവരുടെ ക്രൂഡ് ഓയില്‍ വില താഴേക്കു കൊണ്ടു വരുന്നതില്‍ ഓസ്ട്രേലിയയ്ക്കും വിജയം അവകാശപ്പെടാം. എന്നിരിക്കിലും റഷ്യയുടെ യുദ്ധ ഫണ്ട് സമാഹരണത്തിന് ഫലപ്രദമായ സമ്മര്‍ദം സൃഷ്ടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന വാദം ശക്തിപ്പെടുകയാണ്. ഇതു സാധിക്കണമെങ്കില്‍ ഉപരോധത്തിന്റെ സ്ഥാനത്ത് ഏതു രാജ്യത്തായാലും റഷ്യയുടെ ഏത് എണ്ണ ഉല്പ്പന്നമായാലും നിരോധിക്കപ്പെടുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിഴല്‍ക്കപ്പല്‍ കൂട്ടത്തിനുള്ള ഉപരോധമെന്നത് വഴിയുണ്ടാകുന്ന മാറ്റം തീരെ കുറവാണ്. ഇതിന് പ്രതീകാത്മകമായ നടപടിയില്‍ കൂടിയ വിലയൊന്നും കൊടുക്കേണ്ടതില്ല. റഷ്യയുടെ ക്രൂഡ് ഓസ്ട്രേലിയ വാങ്ങാത്തതിനാല്‍ റഷ്യയ്ക്ക് ഇതുവഴി ക്ഷീണമൊന്നും ഉണ്ടാകാന്‍ പോകുന്നതുമില്ല. നിഴല്‍ കപ്പല്‍ കൂട്ടത്തിലെ 95 കപ്പലുകള്‍ക്കു കൂടി ഓസ്ട്രേലിയ ഉപരോധം ബാധകമാക്കുന്നതായി വിദശകാര്യ മന്ത്രി പെന്നി വോങ് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. അതിനു മുമ്പ് നിഴല്‍ കപ്പല്‍ കൂട്ടത്തിലെ 60 കപ്പലുകള്‍ക്ക് ഓസ്ട്രേലിയ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും റഷ്യ അതിന്റെ നിഴല്‍ കപ്പലുകളില്‍ എണ്ണയുമായി വിവിധ രാജ്യങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. ഇതു വഴി മറ്റു പ്രശ്നങ്ങള്‍ക്കൊക്കെ പുറമെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലും മാറ്റമില്ലാതെ തുടരുകയാണ്. പ്രായം ചെന്ന കപ്പലുകള്‍ മാത്രം അയയ്ക്കുന്നതിനാലാണ് ഇതിനെ നിഴല്‍ കപ്പല്‍ക്കൂട്ടം എന്നു വിളിക്കുന്നതു തന്നെ. ഇവ ഒന്നും രണ്ടുമല്ല, നൂറുകണക്കിനെണ്ണമുണ്ട്. കടലില്‍ പോകുന്നതിനാവശ്യമായ അനുമതികള്‍ ലഭിക്കുന്നതിനെക്കാള്‍ പഴക്കം ചെന്നവയായതുകൊണ്ട് യാതൊരു സുരക്ഷാ ബാധ്യതയുമി്ല്ലാതെയാണിവയുടെ സഞ്ചാരം. എണ്ണ വിറ്റ് യുദ്ധ സമ്പദ് വ്യവസഥയ്ക്കാവശ്യമായ വരുമാനമുണ്ടാക്കുന്നതിനു പുറമെയാണ് കണ്ടം ചെയ്യാറായ കപ്പലുകളുമായി നടത്തുന്ന വാണിജ്യം. ഇക്കാര്യങ്ങളിലൊക്കെയാണ് ഇനി ഓസ്ട്രേലിയയുടെ ശ്രദ്ധ പതിയേണ്ടതെന്ന് ഇക്കാര്യത്തില്‍ പഠനം നടത്തുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
കണ്ടം ചെയ്യാറായ കപ്പലുകളിലെ എണ്ണക്കച്ചവടത്തിന് ഉപരോധമല്ല, നിരോധനമാണ് വേണ്ടത്

