രണ്ടു ലക്ഷം രൂപയ്ക്ക് സെക്‌സ് ബ്ലാക്ക്‌മെയിലിങ്, യുവാവ് ജീവനൊടുക്കാന്‍ കാരണം ഇതോ

മലപ്പുറം: നിലമ്പൂരിനടുത്ത് എടക്കരയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ ലൈംഗിക ബ്ലാക്ക്‌മെയിലിംഗ് എന്നു പരാതിയുമായി മരിച്ചയാളുടെ ഭാര്യയും അമ്മയും പോലീസില്‍ പരാതി നല്‍കി. സാധാരണ ഹണിട്രാപ്പില്‍ നിന്നു വ്യത്യസ്തമായ സംഭവമാണ് മലപ്പുറത്തു നടന്നിരിക്കുന്നതെന്നതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എടക്കര പോലീസ് അറിയിച്ചു. പള്ളിക്കുളം സ്വദേശിയായ രതീഷാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാളുടെ നാട്ടുകാരി തന്നെയായ സ്ത്രീക്കും കുടുംബത്തിനുമെതിരേയാണ് പോലീസില്‍ പരാതിയെത്തിയിരിക്കുന്നത്.
സ്ത്രീയുടെ കുടുംബത്തിന് രതീഷ് പണം കടം കൊടുത്തിരുന്നതാണ്. ഈ പണം തിരിച്ചുകൊടുക്കാനെന്ന പേരില്‍ രതീഷിനെ സ്ത്രീ സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തി. രതീഷ് എത്തിയതോടെ കുടുംബാംഗങ്ങള്‍ ഇയാളെ ബലമായി നഗ്നനാക്കുകയും സ്ത്രീക്കൊപ്പം നിര്‍ത്തി പല രീതിയില്‍ ഫോട്ടെയെടുക്കുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും പൊതു വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. എന്നാല്‍ രതീഷ് വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തിയതുപോലെ തന്നെ ചെയ്തു. ഇതോടെ അപമാനിതനായി പോയ രതീഷ് ജീവനൊടുക്കുകയായിരുന്നെന്ന് രതീഷിന്റെ അമ്മയും ഭാര്യയും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് പരാതി കൈപ്പറ്റിയെങ്കില്‍ പോലും ശരിയായ അന്വേഷണത്തിന് ഇതുവരെ തയാറായിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.