ന്യൂഡല്‍ഹി: ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കി ദേശീയപാത അതോറിറ്റിയുടെ ഉത്തരവ്. ഫാസ്ടാഗുകളില്‍ കെവൈവി (നോ യുവര്‍ വെഹിക്കിള്‍) വിവരങ്ങള്‍ നല്‍കുന്ന രീതി ദേശീയപാത അതോറിറ്റി കൂടുതല്‍ ലളിതമാക്കി. ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ പുതിയ ഉത്തരവ് പ്രകാരം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തില്‍ മുന്നില്‍ നിന്നുള്ള ചിത്രം മാത്രം മതിയാകും.
ഫാസ്ടാഗില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മാനുവലായി ചേര്‍ക്കേണ്ടതുമില്ല, പകരം വാഹന്‍ ഡാറ്റബേസില്‍ നിന്ന് ഓട്ടോമാറ്റിക്കായി വിവരങ്ങള്‍ വാഹന്‍ ഡാറ്റബേസില്‍ ചേര്‍ക്കുന്നതിനു സാധിക്കും. ഒരു മൊബൈല്‍ നമ്പരില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിവരങ്ങള്‍ അതിനനുസരിച്ച് തിരഞ്ഞെടുക്കാനും സാധിക്കും. ദുരുപയോഗം ചെയ്തില്ലെങ്കില്‍ നിലവിലുള്ള ഫാസ്ടാഗ് ഒരിക്കലും റദ്ദാക്കപ്പെടില്ല. കെവൈവി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും മറ്റും ബാങ്കുകള്‍ എസ്എംഎസിലൂടെ ഉപയോക്താക്കളെ വിവരം അറിയിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.

