സീരിയല്‍ കില്ലര്‍ സെബാസ്റ്റിയന്‍ ബിന്ദുവിനെയും കൊന്നു കത്തിച്ചു, മൊഴി പുറത്തായി

ആലപ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശിയായ ജയ്‌നമ്മയെ കൊന്നതായി കുറ്റസമ്മതം നടത്തിയ പ്രതി സെബാസ്റ്റ്യന്‍ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയതായി പോലീസിനോടു സമ്മതിച്ചു. ഇതോടെ സീരിയല്‍ കില്ലറെന്നു സംശയിക്കുന്ന സെബാസ്റ്റിയന്റെ രണ്ടാമത്തെ കൊലപാതകവും നിയമത്തിനു മുന്നിലേക്കെത്തുകയാണ്. ഇനി ഐഷാ ബീവിയുടെ കൊലപാതകത്തിലാണ് പോലീസ് ഇയാളുടെ പങ്ക് സംശയിക്കുന്നത്. ബിന്ദുവിനെ സെബാസ്റ്റ്യന്‍ കൊന്നതായി സമ്മതിക്കുന്ന കുറ്റസമ്മത മൊഴി ഇതിനിടെ പുറത്തായിട്ടുണ്ട്.
2006ല്‍ തന്നെ ബിന്ദുവിനെ കൊന്നതായാണ് സെബാസ്റ്റ്യന്‍ സമ്മതിക്കുന്നത്. മൃതദേഹം പല കഷണങ്ങളായി മുറിച്ച് പുരയിടത്തിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടുകയായിരുന്നു. ഇവ അഴുകിയെന്ന് ഉറപ്പാക്കിയ ശേഷം അസ്ഥികള്‍ പുറത്തെടുത്തു കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കുന്നതിനായിരുന്നു കൊലപ്പെടുത്തിയത്. 2006ലാണ് ബിന്ദുവിനെ കാണാതാകുന്നത്. എന്നാല്‍ 20017ലാണ് സഹോദരന്‍ പരാതിയുമായി എത്തുന്നത്. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ പോലീസ് അന്നു തന്നെ സെബാസ്റ്റിയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റം തെളിയിക്കാനാവാതെ പിന്‍വാങ്ങുകയായിരുന്നു. ആ കേസിലാണ് ഇപ്പോള്‍ കുറ്റസമ്മതം വന്നിരിക്കുന്നത്.